ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Friday 15 December 2017 2:30 am IST

കൊച്ചി: സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ യഥാര്‍ത്ഥ വഴി കെട്ടിയടച്ച് ദൂരക്കൂടുതലുള്ള വഴിയുണ്ടാക്കിയെന്ന ഹര്‍ജിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ എക്‌സൈസ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ഇത്തരമൊരു തട്ടിപ്പിന് കൂട്ടു നിന്നുവെന്നത് അത്ഭുതപ്പെടുത്തുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കോലഞ്ചേരി മാമലയില്‍ നിന്ന് ഐക്കരനാട്ടിലേക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാല മാറ്റാനാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്. എന്നാല്‍ സംസ്ഥാന പാതയില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം മദ്യവില്പന ശാല തുടങ്ങാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് കെട്ടിടത്തിന്റെ വഴി കെട്ടിയടച്ച് മറ്റൊരു പറമ്പിലൂടെ വഴിയുണ്ടാക്കിയത്.

ഈ വഴി പ്രാബല്യത്തില്‍ വന്നതോടെ കെട്ടിടം സുപ്രീം കോടതിയുടെ നിര്‍ദേശിച്ച ദൂരപരിധിക്ക് പുറത്തായി. തുടര്‍ന്ന് ഇതിന് എക്‌സൈസ് കമ്മിഷണര്‍ അനുമതി നല്‍കുകയും ചെയ്തു. കോലഞ്ചേരി സ്വദേശികളായ പി.പി. വര്‍ഗീസ്, ബൈജു പുഷ്പന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.