വെച്ചൂര്‍ പശുക്കളുടെ വംശവര്‍ധനയ്ക്ക് 79 ലക്ഷം

Friday 15 December 2017 2:30 am IST

ആലപ്പുഴ: കേരളത്തിന്റെ തനതു ജനുസ്സായ വെച്ചൂര്‍ പശുക്കളുടെ വംശവര്‍ധനവിന് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഏതാണ്ട് രണ്ടായിരത്തില്‍ താഴെ വെച്ചൂര്‍ പശുക്കള്‍ മാത്രമാണുള്ളതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വെച്ചൂര്‍ പശുക്കളുടെ പ്രത്യേക പ്രജനന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 79 ലക്ഷം രൂപ അനുവദിച്ചത്.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വെച്ചൂര്‍ പശുക്കളുടെ പാല്‍ അളന്നു തിട്ടപ്പെടുത്തി ഏറ്റവും മെച്ചപ്പട്ട പശുക്കളെ കണ്ടെത്തും. ഇവയില്‍ മുന്തിയ വെച്ചൂര്‍ കാളകളുടെ ബീജം ഉപയോഗിച്ച് കുത്തിവച്ച് കാളക്കുട്ടികളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ വെച്ചൂര്‍ വിത്തുകാളകളുടെ എണ്ണം വര്‍ധിക്കും. ഇവയില്‍ നിന്നു ബീജം ശേഖരിച്ച് എല്ലാ വെച്ചൂര്‍ പശുക്കളിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേരള ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ജന. മാനേജര്‍ എസ്. സുധീര്‍ അറിയിച്ചു.

ഇതു കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തിലെ കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മറ്റൊരു പദ്ധതിയും നടപ്പാക്കും. കാനഡയില്‍ നിന്നു ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകള്‍ ഇറക്കുമതി ചെയ്ത് കര്‍ഷകര്‍ക്കു നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ 420ഓളം കൃത്രിമ ബീജാധാന കേന്ദ്രങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. 2.24 കോടി രൂപ ഇതിനായി ചെലവഴിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് കായംകുളത്ത് മന്ത്രി കെ. രാജു നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.