ശബരിമല തീര്‍ത്ഥാടകര്‍ക്ക് അസൗകര്യം ഹിന്ദുഐക്യവേദി ധര്‍ണ്ണ 19ന്

Friday 15 December 2017 2:30 am IST

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ഹിന്ദുഐക്യവേദി. അലംഭാവം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്19ന് പത്തനംതിട്ട കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.

തീര്‍ത്ഥാടനം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ഗതാഗതം, പ്രാഥമിക കാര്യനിര്‍വഹണ സൗകര്യങ്ങള്‍, വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍, കുടിവെള്ള വിതരണം, അന്നദാനം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ കാര്യങ്ങളിലും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നു. തിരക്ക് വര്‍ധിക്കുന്ന സാഹചര്യം ബോധ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് അനുവദിക്കാന്‍ തയാറായിട്ടില്ല.

സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ ശൗചാലയങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തള്ളുന്നു. കുടിവെള്ളം ലഭ്യമാക്കാനും, ശൗചാലയങ്ങളില്‍ വേണ്ടത്ര ജലം എത്തിക്കുന്നതിലും വാട്ടര്‍ അതോറിറ്റി ശുഷ്‌കാന്തി കാണിക്കുന്നില്ല. കൂടുതല്‍ ഭക്തര്‍ക്ക് അന്നദാനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും, ചുമട്ട് തൊഴിലാളികള്‍ക്കും താമസ സൗകര്യമൊരുക്കാനും അധ്വാനത്തിന്റെ കാഠിന്യമനുസരിച്ച് വേതനം നല്‍കാനും ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല.

ദേവസ്വം ബോര്‍ഡും, വിവിധ വകുപ്പുകളും തമ്മിലുള്ള ശീതസമരം ശബരിമല വികസനത്തിനും പദ്ധതികള്‍ക്കും വിഘാതമാകുന്ന സാഹചര്യത്തില്‍ വകുപ്പുതല ഏകോപനത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരന്‍, പി.വി. മുരളീധരന്‍, സംസ്ഥാന കമ്മിറ്റിയംഗം അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.