പ്രതിഷേധങ്ങള്‍ക്കിടെ കുമ്പളത്ത്‌ ടോള്‍പിരിവ്‌ പുനരാരംഭിച്ചു

Sunday 17 July 2011 10:08 pm IST

മരട്‌: പ്രതിഷേധസമരങ്ങളെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ ടോള്‍പിരിവ്‌ പുനരാരംഭിച്ചു. കുമ്പളത്തെ ടോള്‍ പ്ലാസയില്‍ ഇന്നലെ രാവിലെ മുതല്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിവ്‌ തുടങ്ങി. ടോള്‍ ഫീസ്‌ പിരിവ്‌ തുടങ്ങിയതറിഞ്ഞ്‌ രാവിലെ 11 മണിയോടുകൂടി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടോള്‍ ബൂത്തിന്‌ സമീപം കുത്തിയിരിപ്പ്‌ സമരം നടത്തിയ പ്രതിഷേധക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തുനീക്കി. തൊട്ടുപിന്നാലെ എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഉപരോധസമരം നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.സി. സന്‍ജിത്‌ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ടോള്‍ കൊള്ളക്കെതിരെ ഈ മാസം 22ന്‌ ഉപരോധസമരം നടത്തുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സമരത്തെ നേരിടാന്‍ ബൈപ്പാസിലെ ടോള്‍ ബൂത്തിന്‌ മുന്‍പില്‍ വന്‍ പോലീസ്‌ സംഘത്തെ വിന്യസിച്ചിരുന്നു. തൃക്കാക്കര അസി. കമ്മഷീണര്‍ വി.ആര്‍. പ്രകാശ്‌, ഡിസിപി ഗോപാലകൃഷ്ണപിള്ള, എറണാകുളം സൗത്ത്‌ സിഐ സന്തോഷ്കുമാര്‍, പനങ്ങാട്‌ എസ്‌ഐ കെ.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ അറസ്റ്റ്‌ ചെയ്തു നീക്കി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഇതിനിടെ പ്രദേശവാസികള്‍ക്ക്‌ ടോളില്‍ ഇളവുനല്‍കാമെന്ന വാഗ്ദാനം പാലിക്കപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്‌. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇന്നലെ കുമ്പളത്തുകാരുടെ വാഹനങ്ങള്‍ ആര്‍സി ബുക്ക്‌ പരിശോധിച്ച്‌ കടത്തിവിട്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇത്‌ സാധ്യമല്ലെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കിയത്‌. 10 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക്‌ 150 രൂപയുടെയും, 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക്‌ 300 രൂപയുടെയും പാസ്‌ നിര്‍ബന്ധമാണെന്നാണ്‌ എന്‍എച്ച്‌എഐ അറിയിച്ചത്‌. ഇത്തരം പാസ്‌ ഇല്ലാത്തവര്‍ക്ക്‌ ഇന്നുമുതല്‍ ഫീസ്‌ നല്‍കേണ്ടിവരുമെന്ന്‌ ബൂത്തിന്റെ ചുമതലയുള്ള ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഡി. സത്യനാരായണ റാവു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.