വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവനന്തപുരം സ്വദേശി പിടിയില്‍

Friday 15 December 2017 2:30 am IST

കോതമംഗലം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുപ്പത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടം മേരിക്കോട്ടയില്‍ ജോണ്‍സണ്‍ ഗോമസ് (49) ആണ് അറസ്റ്റിലായത്.

കോതമംഗലത്ത് റവന്യു ടവറില്‍  ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപന ഉടമയാണ് ജോണ്‍സണ്‍ ഗോമസ്. കാനഡ, സൗത്താഫ്രിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കോതമംഗലം പ്രിന്‍സിപ്പല്‍ എസ്‌ഐ ബേസില്‍ തോമസ്, എസ്‌ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കോതമംഗലം സ്വദേശി വെള്ളാംകണ്ടത്തില്‍ ബേസിലിനെ കാനഡയില്‍ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് 50,000 രൂപ വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ നല്‍കിയില്ലെന്ന പരാതിയിലാണ് നടപടി. കോതമംഗലത്ത് പത്തോളം പേര്‍ സമാന രീതിയില്‍ വഞ്ചിക്കപ്പട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരില്‍ നിന്നും മുപ്പത് ലക്ഷം രൂപയോളം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തിരുവനന്തപുരത്തും പ്രതി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കോതമംഗലം റവന്യു ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രണ്ട് മാസത്തിലേറെയായി പൂട്ടിക്കിടക്കുകയാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപൂര്‍വമാണ് പോലിസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.