ഓഖി: രണ്ട് മൃതദേഹങ്ങളും ബോട്ടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി

Friday 15 December 2017 2:50 am IST

കണ്ടെടുത്ത മൃതദേഹം കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചപ്പോള്‍(ഇടത്ത്), ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കരക്കടുപ്പിക്കുന്നു

കോഴിക്കോട്/കൊയിലാണ്ടി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെത്തുടര്‍ന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങളും ബോട്ടുകളുടെ അവശിഷ്ടങ്ങളും ഇന്നലെ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഒരു മൃതദേഹം ബേപ്പൂര്‍ ഹാര്‍ബറിലെത്തിച്ചത്. കൊയിലാണ്ടിയില്‍ കടലില്‍ ഒഴുകി നടന്ന മറ്റൊരു മൃതദേഹം മല്‍സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ അഭിഷേക് വഞ്ചിയിലെ തൊഴിലാളികളാണ് പുറംകടലില്‍ ഒഴുകുന്ന മൃതദേഹം കണ്ടത്. ഉടന്‍ കരയിലെ മല്‍സ്യതൊഴിലാളികളെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി ഹാര്‍ബറില്‍ വഞ്ചിയുമായി പുറംകടലിലെത്തി മൃതദേഹം കൊയിലാണ്ടി ഹാര്‍ബറിലെത്തിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊയിലാണ്ടിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കുരിശുമാലയുണ്ട്.

കടലില്‍ ഒഴുകി നടക്കുകയായിരുന്ന ബോട്ടിന്റെ അവശിഷ്ടങ്ങളും മത്സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ചു. സിന്ധുമാതാ, സിന്ധു യാത്രാ മാതാ എന്നീ പേരുകള്‍ ബോട്ടുകളില്‍ എഴുതിയിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന പറഞ്ഞു. വിഴിഞ്ഞത്ത് ഇത്തരമൊരു പേരില്‍ ക്രിസ്ത്യന്‍ പള്ളി ഉള്ളതായി വിവരം കിട്ടിയെന്നും അവര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതുമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 19 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയക്കുന്നത്.

ഇരുപത്തഞ്ചു മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും മോര്‍ച്ചറികളുടെ സൗകര്യവും പ്രയോജനപ്പെടുത്തും. മൃതദേഹങ്ങള്‍ കവര്‍ ചെയ്യുന്നതിന് ബോഡി ബാഗുകള്‍ ദുരന്തനിവാരണ അതോറിറ്റി വാങ്ങിനല്‍കും. മെഡിക്കല്‍ കോളജുകളിലേക്ക് പുതുതായി പത്ത് സ്ട്രക്ചറുകള്‍ വാങ്ങിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.