അഡ്വ. ഉദയഭാനുവിന് ഉപാധികളോടെ ജാമ്യം

Friday 15 December 2017 12:23 pm IST

കൊച്ചി: ആലുവയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതി അഡ്വ. സിപി ഉദയഭാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവര്‍ രഞ്ചിത്ത് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എസ്റ്റേറ്റ് ബ്രോക്കര്‍ നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ 2017 സെപ്തംബര്‍ 29 നാണ് ചാലക്കുടിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തികത്തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. നവംബര്‍ ഒന്നിനാണ് അഡ്വ. ഉദയഭാനു അറസ്റ്റിലായത്. ചക്കര ജോണിയും രഞ്ചിത്തും കഴിഞ്ഞ 77 ദിവസമായി കസ്റ്റഡിയിലാണ്. ഇന്നലെ ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ കൂടുതല്‍ സാക്ഷിമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന് വിലയിരുത്തി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

മൂന്നുമാസത്തേക്ക് തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതിനും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതുവരെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.