തിരസ്‌ക്കാര സൗന്ദര്യം

Friday 15 December 2017 7:18 pm IST

ആശയങ്ങളുടെ കത്തുന്ന വേനല്‍പ്പാടം നീന്തിക്കേറിവരുന്ന അനുഭൂതിയായിരുന്നു അപ്പന്‍മാഷിന്റെ സാഹിത്യവിമര്‍ശനക്കാലം. ആശയ ഒഴുക്കില്ലാതെ വറ്റിവരണ്ട വിമര്‍ശന തടാകമാണ് അതിനുപകരം പിന്നീടും ഇന്നും മലയാളത്തിലുള്ളത്. ഭാവിയിലേക്കുള്ള ചിന്തകളുടെ ആസ്തികൂടി പുസ്തകങ്ങളില്‍ ഒരുക്കിവെച്ചിട്ടാണ് അപ്പന്‍മാഷ് യാത്രയായത്. അറിയാത്തലോകത്തേക്കുള്ള ആ യാത്രയ്ക്കിപ്പോള്‍ ഒന്‍പതുവയസ്.

എന്തായിരുന്നു വിമര്‍ശകനും എഴുത്തുകാരനും അധ്യാപകനും സര്‍വോപരി മനുഷ്യസ്‌നേഹിയുമായിരുന്ന കെ.പി.അപ്പന്‍ എന്നത് ആവര്‍ത്തിച്ച് അന്വേഷിക്കുകകൂടിയാണ് അദ്ദേഹത്തെ മനസില്‍ പ്രതിഷ്ഠിച്ച ആയിരക്കണക്കിനു ശിഷ്യന്മാരും വായനക്കാരും. ഇങ്ങനെയൊരു അധ്യാപകന്‍ ഇനി ഉണ്ടാകുമോയെന്ന് ആ ശിഷ്യഗണം ചിന്തിച്ചിരിക്കണം.

ഇത്തരമൊരു എഴുത്തുകാരന്‍ ഇനി ഉണ്ടാവില്ലെന്നു തന്നെ ആ വായനക്കാര്‍ ഉറപ്പിച്ചും കാണണം. പുതിയ അന്വേഷണങ്ങളിലൂടെ ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും നക്ഷത്രദൂരങ്ങളെ ശിഷ്യര്‍ക്കു സമീപസ്ഥനാക്കുകയായിരുന്നു അപ്പന്‍മാഷ്. ദൈവപ്രതിഷ്ഠയോടൊപ്പം മാഷും മിഴാവിന്റെ മുഴക്കമുള്ള ആ ക്‌ളാസും അവരില്‍ എന്നുമുണ്ടായിരിക്കും.

വിയോജിപ്പിന്റെ നിലാസൗന്ദര്യവും നിഷേധത്തിന്റെ ലാവാപ്രവാഹവും കൂട്ടിക്കുഴച്ചായിരുന്നു മാഷിന്റെ ക്‌ളാസും എഴുത്തും. പുതു ചിന്തയുടെ പ്രശ്‌നഭരിതമായ പരിസരങ്ങളിലെ കല്ലിലും മുള്ളിലും ചവിട്ടാതെ എളുപ്പത്തിന്റെ കുറുക്കുവളികളിലൂടെയുള്ള സാഹിത്യവിമര്‍ശനങ്ങളെയാണ് അപ്പന്‍ ഉഴുതുമറിച്ചത്. ക്ഷേഭിക്കുന്നവരുടെ സുവിശേഷം എന്ന വിപരീത സൗന്ദര്യമുള്ള തലക്കെട്ടില്‍ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ തന്നെ അപ്പന്‍ അതിശയത്തിന്റെ മുദ്രയായി.

അബ്‌സേഡിസത്തിന്റെ ചുവയുള്ള യൂറോപ്യന്‍ നാടകങ്ങളേയും അവയുടെ രചയിതാക്കളേയും അന്യാദൃശമായ ഭാവുകത്വത്തോടെ അവതരിപ്പിക്കുകയായിരുന്നു ഈ സുവിഷേഷത്തിലൂടെ. ഹാരോള്‍ഡ് പിന്റര്‍,സാമുവല്‍ ബക്കറ്റ്,യൂജിന്‍ അയണസ്‌ക്കോ,പിരാന്തലോ തുടങ്ങി ലോക നാടകങ്ങളേയും നാടകകൃത്തുക്കളെയും കുറിച്ചുള്ള പഠനങ്ങളായിരുന്നു ഈ പുസ്തകം.അന്നുവരെ പരിചയമില്ലാത്ത ഭാഷാസൗന്ദര്യത്തെയാണ് അപ്പന്‍ ആ പുസ്തകത്തിലൂടെ അവതരിപ്പിച്ചത്.

തിരസ്‌ക്കാരം, കലഹവും വിശ്വാസവും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍-വെളിച്ചത്തിന്റെ കവചം, കലാപം വിവാദം വിലയിരുത്തല്‍, രോഗവും സാഹിത്യഭാവനയും, വിവേകശാലിയായ വായനക്കാരാ, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വര്‍ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, മാറുന്ന മലയാളം നോവല്‍,മധുരം നിന്റെ ജീവിതം തുടങ്ങിയ രചനകള്‍ നോവല്‍, കഥ,കവിത, നാടകം, നിരൂപണം, ആധ്യത്മികം, ചരിത്രം, രാഷ്ട്രീയം എന്നിവയെ മറ്റാരും നോക്കിക്കാണാത്ത വിധത്തിലും മറ്റാരും എഴുതാത്ത തരത്തിലും എഴുതപ്പെട്ടവയാണ്.

അപ്പന്റെ ഓരോ പുസ്തകവും വരാന്‍വേണ്ടി വായനാലോകം കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ള വാരികകളും മാസികകളും കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്നു. അവയില്‍ പ്രകടമായിരുന്ന നവീനതയില്‍ അഭിരമിക്കാനുള്ള വാസനകൊണ്ടാണ് ആ രചനകളെ വായനക്കാര്‍ കാത്തിരുന്നതും.

ആധുനികതയുടെ ശക്തനായ വക്താവായിരുന്നു കൊണ്ടുതന്നെ കാമ്പുള്ള പഴമയേയും അപ്പന്‍ അംഗീകരിച്ചിരുന്നു. പുതിയ സാഹിത്യ ചിന്തകളേയും തത്വചിന്തകളേയും മാറിവരുന്ന സൈബര്‍ രുചികളേയും ചേര്‍ത്തുനിര്‍ത്തിയാണ് അപ്പന്‍ ചിന്തിച്ചത്. കാതലില്ലാത്തവയെ തിരസ്‌ക്കരിക്കുന്ന ശീലമായിരുന്നു അപ്പന്.  നിഷേധത്തിനു സൗന്ദര്യവും ഉന്മാദത്തിനു സര്‍ഗാത്മകതയും മരണത്തിനു ദാര്‍ശനികതയും നല്‍കിക്കൊണ്ട് പുതിയ ആസ്വാദന സങ്കേതം മലയാളത്തില്‍ അപ്പന്‍ സൃഷ്ടിച്ചു. മലയാള വാക്കുകള്‍ക്കു ഇത്ര സൗന്ദര്യമോയെന്നു മലയാളി സ്വയം ചോദിച്ചു. പ്രിയദര്‍ശിനിയായ മരണം എന്നു അപ്പനുമാത്രമേ എഴുതാന്‍ കഴിയൂ. യന്ത്രസരസ്വതിയെന്നു മറ്റാര്‍ക്കും പറയാന്‍ കഴിയുകയുമില്ല. ദുര്‍ബലമായ ഇന്നത്തെ സാഹിത്യ നിരൂപണത്തെക്കുറിച്ചു പറയുമ്പോള്‍ നിരൂപണം അപ്പനുമുന്‍പും ശേഷവും എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.