കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവം നാളെ തുടങ്ങും

Friday 15 December 2017 8:22 pm IST

പയ്യാവൂര്‍: ഭക്തലക്ഷങ്ങളുടെ കണ്‍കണ്ട ദൈവമായ മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പാടിയിലെ തിരുവപ്പന ഉത്സവം നാളെ ആരംഭിക്കും. താഴെ പൊടിക്കളത്ത് നാളെ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകളോടെയാണ് ഉത്സവത്തിന്റെ തുടക്കം. ഞായറാഴ്ച്ച വൈകുന്നേരം കൊമരം പൈങ്കുറ്റി വച്ചശേഷം പാടിയില്‍ പ്രവേശിക്കുന്ന ചടങ്ങ് ആരംഭിക്കും. അഞ്ചില്ലം അടിയാന്മാര്‍ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിക്കും.
കരക്കാട്ടിടം വാണവരെയും തന്ത്രിയെയും ആനയിക്കും. തുടര്‍ന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കലശപൂജ ഉള്‍പ്പെയെയുള്ള കര്‍മ്മങ്ങള്‍ നടക്കും. കൊമരനും, ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ചശേഷം കൊല്ലന്‍ കങ്കാണിയറയുടെ തൂണില്‍ ഇരുമ്പ് കുത്തുവിളക്ക് തറയ്ക്കും. കങ്കാണിയറയിലെ വിളക്ക് തെളിയുന്നതോടെ ഉത്സവം ആരംഭിക്കുകയായി. ഉത്സവത്തിന്റെ ആദ്യ ദിനത്തില്‍ മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നീ നാലു രൂപങ്ങളും കെട്ടിയാടും. മറ്റ് ഉത്സവ ദിനങ്ങളില്‍ വൈകുന്നേരം 4.30ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30ന് തിരുവപ്പനയുമാണ് കെട്ടിയാടുക. ജനുവരി 16ന് രാവിലെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും പള്ളിവേട്ടയ്ക്ക് ശേഷമാണ് തിരുവപ്പന ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. ഉത്സവം ആഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അവസാനഘചട്ട ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് സംഘാടകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.