ആലുവ മാര്‍ക്കറ്റ് വ്യാപാരികള്‍ പെരുവഴിയില്‍

Saturday 16 December 2017 2:02 am IST

ആലുവ: ശിലാസ്ഥാപനം നടത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആലുവ പൊതുമാര്‍ക്കറ്റ് നിര്‍മ്മാണം തുടങ്ങിയില്ല. പഴയ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചതോടെ നൂറുകണക്കിന് കച്ചവടക്കാര്‍ പെരുവഴിയിലായി.
10 കോടി രൂപ ചെലവില്‍ പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിന് 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടത്. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതുവരെ നിര്‍മ്മാണത്തിനാവശ്യമായ പണം കണ്ടെത്താന്‍ നഗരസഭക്കായിട്ടില്ല. ഇതിനിടെ ഇവിടെ നിലവിലുണ്ടായിരുന്ന കച്ചവടക്കാരില്‍ നിന്നും പുതിയ മന്ദിരത്തില്‍ മുറി അനുവദിക്കുന്നതിനായി വാങ്ങിയ തുക വക മാറ്റി ചെലവഴിക്കുകയും ചെയ്തതായാണ് ആരോപണം.
വായ്പ ലഭിക്കാത്തതാണ് നിര്‍മ്മാണം അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്ന് നഗരസഭ പറയുന്നു. എന്നാല്‍ വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കാതെ കച്ചവടക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്ത നടപടി ദീര്‍ഘവീഷണമില്ലായ്മയുടെ തെളിവാണെന്ന് കച്ചവടക്കാര്‍ ആരോപിച്ചു.
ദേശീയപാതയുടെ മേല്‍പ്പാലത്തിന് അടിയില്‍ താത്കാലികമായി ഒരുക്കിയ സ്ഥലത്താണ് ഇപ്പോള്‍ കച്ചവടം നടക്കുന്നത്. കുറച്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ സൗകര്യം. കുറെയേറെ ആളുകള്‍ വീണ്ടും മാര്‍ക്കറ്റില്‍ പ്‌ളാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടി കച്ചവടം ആരംഭിച്ചു. മറ്റ് ചിലരാകട്ടെ സൗകര്യമില്ലാത്തതിനാല്‍ കച്ചവടം നിര്‍ത്തി.
മാര്‍ക്കറ്റ് കെട്ടിടം യഥാസമയം നിര്‍മ്മിക്കാത്തതിനാല്‍ നഗരസഭയ്ക്ക് ഒരുവര്‍ഷം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകള്‍ കൃത്യമല്ലാത്തതാണ് വായ്പ ലഭിക്കുന്നതിന് തടസ്സം. ഇത് മറികടക്കുന്നതിനുള്ള അവസാനശ്രമത്തിലാണ് നഗരസഭാ അധികൃതര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.