പിണറായിയുടെ ഉപദേശം

Saturday 16 December 2017 2:30 am IST

സംസ്‌കൃതവും ഭഗവദ്ഗീതയും വേദവ്യാസനും വാല്മീകിയും ആദിശങ്കരനും എല്ലാമാണ് ഈ നാടിന്റെ സംസ്‌കൃതി എന്നും, ആ ജ്ഞാന സ്രോതസ്സുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രീശങ്കര സര്‍വകലാശാല ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു. അടുത്ത ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ എസ്എഫ്‌ഐക്ക് ചില ഉപദേശങ്ങള്‍ കൊടുത്തതായും വാര്‍ത്തയുണ്ട്. വിദ്യാലയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും, ക്യാമ്പസുകളില്‍ ബഹുസ്വരത പുലര്‍ത്തണമെന്നുമാണ് കോടിയേരി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയോട് ഉപദേശിച്ചത്.

ആദിശങ്കരനേയും ഈ നാടിന്റെ സംസ്‌കൃതിയേയും ഭൂരിപക്ഷം ജനങ്ങളുടെ വിശ്വാസത്തേയും എല്ലാം നിരന്തരം തള്ളിപ്പറയുകയും തച്ചുതകര്‍ക്കുകയും ചെയ്തുപോരുന്ന പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി പിണറായി ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത് ശങ്കര ദര്‍ശനത്തിന് ഒരു പ്രസക്തിയുമില്ലെന്ന് കാല്‍നൂറ്റാണ്ട് മുന്‍പ് പറഞ്ഞ സ്വന്തം പാര്‍ട്ടിയിലെ ഒരു ശങ്കരനെ തള്ളിപ്പറയാനുള്ള ആദര്‍ശപരമായ ധൈര്യമാണ്. കാലാകാലങ്ങളായി സ്‌കൂളുകളിലും കോളജുകളിലും ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ വച്ചുവാഴിക്കാതെ അവയുടെ പ്രവര്‍ത്തകരെ ആക്രമിച്ചുകൊണ്ടിരിക്കുകയും ചിലരെ കൊലപ്പെടുത്തകയും ചെയ്ത എസ്എഫ്‌ഐയോട് ഹീനമായ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്നും, മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ക്യാമ്പസുകളില്‍ ബഹുസ്വരത നിലനിര്‍ത്തണമെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശം. രണ്ട് നേതാക്കളുടേയും അത്യധികം ശ്ലാഘനീയമായ രീതിയിലുള്ള നിലപാട് മാറ്റമാണ്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പാര്‍ട്ടി സെക്രട്ടറിയുടെ ഉപദേശവും ആത്മാര്‍ത്ഥതയോടെ നടത്തിയവയാണെങ്കില്‍ മലയാളികള്‍ക്ക് തത്ക്കാലം ഇതില്‍ കൂടുതല്‍ ഒരാശ്വാസം മറ്റൊന്നില്ല. രണ്ടു നേതാക്കളുടെയും അഭിപ്രായത്തിനൊത്ത് അവരുടെ അനുയായികളും അണികളും പെരുമാറിയാല്‍ കേരളം കഴിഞ്ഞ കുറച്ചുകാലമായി സമ്പാദിച്ച് വച്ചിട്ടുള്ള ദുഷ്‌പേരും ജനത്തിന്റെ ആശങ്കയും മാറിക്കിട്ടും.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍,
ഏറ്റുമാനൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.