പാക്കിസ്ഥാന്റെ പതനവും ബംഗ്ലാദേശിന്റെ പിറവിയും

Saturday 16 December 2017 2:45 am IST

1971 ഡിസംബറില്‍ നടന്ന ഇന്തോ-പാക് യുദ്ധം പാകിസ്ഥാനുമായി ഇന്ത്യ നേരിടേണ്ടി വന്ന അഞ്ചു യുദ്ധങ്ങളില്‍ ഏറ്റവും തീവ്രതയേറിയതായിരുന്നു. ഡിസംബര്‍ മൂന്നിന് ആരംഭിച്ച ഈ യുദ്ധം ഡിസംബര്‍ 16-ന് പാക് സൈന്യത്തിന്റെ കീഴടങ്ങലോടെ അവസാനിച്ചു. ‘ഒ.പി. കാക്റ്റസ് ലില്ലി – 1971’ എന്നു നാമകരണം ചെയ്തിട്ടുള്ള ഈ മിലിട്ടറി ഓപ്പറേഷന്റെ 46-ാം വിജയദിനമാണിന്ന്.

നമ്മുടെ കര-നാവിക – വ്യോമ സേനകള്‍ ഒരുമിച്ചിറങ്ങി നടത്തിയ പ്രസ്തുത പോരാട്ടത്തില്‍ പാകിസ്ഥാന്‍ എന്ന സ്ഥിരം ശത്രുരാജ്യത്തെ രണ്ടായി വിഭജിക്കപ്പെടാനും അങ്ങനെ ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിനെ പിറവിയെടുപ്പിക്കാനും ഇന്ത്യക്കു കഴിഞ്ഞു. 1971-ലെ ഇന്തോ-പാക് യുദ്ധത്തിനു വഴിയൊരുക്കിയത് അഭയാര്‍ത്ഥി പ്രശ്‌നമായിരുന്നു. പട്ടാള ഭരണം നിലനിന്നിരുന്ന പാകിസ്ഥാനില്‍ 1970-ല്‍ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യഭരണമേര്‍പ്പെടുത്താന്‍ തീരുമാനമായി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവ് പശ്ചിമപാക്കിസ്ഥാനിലെ ഭൂട്ടോയും അവാമിലീഗ് എന്ന രാഷ്ട്രീയകക്ഷിയുടെ നേതാവ് പൂര്‍വ പാകിസ്ഥാനിലെ മുജിബൂര്‍ റഹുമാനുമായിരുന്നു.

രണ്ടു കക്ഷികളും തമ്മില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ ഇരുപ്രവിശ്യകളിലുമായുണ്ടായിരുന്ന 313 സീറ്റുകളില്‍ 167 സീറ്റുകള്‍ നേടി മുജിബുര്‍ റഹ്മാന്റെ അവാമി ലീഗ് മുന്നിലെത്തി. കിഴക്കന്‍ പാക്കിസ്ഥാനിലെ മുഴുവന്‍ സീറ്റുകളില്‍ രണ്ടൊഴികെ മുഴുവനും അവാമിലീഗ് കയ്യടക്കി. എന്നാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി വിജയിച്ച മുജിബുര്‍ റഹ്മാന്റെ പാര്‍ട്ടിക്ക് അധികാരം കൈമാറാന്‍ യാഹ്യാഖാനും ഭൂട്ടോയും വിസമ്മതിച്ചു. ഇതിനെതുടര്‍ന്ന് പൂര്‍വ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) ആഭ്യന്തര കലാപമുണ്ടായി. കലാപത്തെ അടിച്ചമര്‍ത്താന്‍ പാക് സൈനിക ഭരണകൂടം പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഭൂട്ടോയുടെ പിന്തുണയോടെ തീവ്രശ്രമം നടത്തി.

അതിക്രൂരമായ പീഡനവും മനുഷ്യക്കുരുതിയും കിഴക്കന്‍ പാകിസ്ഥാനില്‍ അരങ്ങേറി. കിഴക്കന്‍ പാകിസ്ഥാനിലെ ജനാധിപത്യവിശ്വാസികളായ ജനങ്ങള്‍ ‘മുക്തിബാഹിനി’ എന്ന പേരില്‍ ഒരു സമാന്തര സൈന്യം രൂപീകരിച്ച് പാക് പട്ടാളക്കാരെ ശക്തമായിത്തന്നെ നേരിട്ടു. നീണ്ട പോരാട്ടത്തെ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ വീടും വസ്തുവകകളും ഉപേക്ഷിച്ച് ഇന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ത്രിപുര, മണിപ്പൂര്‍, ആസ്സാം, മേഘാലയ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു.

ഇന്ത്യ ആയിരക്കണക്കിന് അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്ന് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും നല്‍കി സംരക്ഷിച്ചു. ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ നാല് ലക്ഷത്തോളം സ്ത്രീകളെ പാക്‌സൈന്യം ബലാല്‍സംഗം ചെയ്തതായിട്ടായിരുന്നു അന്നത്തെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷമായ ഹിന്ദുസ്ത്രീകളായിരുന്നു. അഭയാര്‍ത്ഥികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 95 ലക്ഷത്തില്‍പ്പരം അഭയാര്‍ത്ഥികളെയാണ് മാസങ്ങളോളം ഇന്ത്യയ്ക്കു സംരക്ഷിക്കേണ്ടി വന്നത്.

1971 മാര്‍ച്ച് 27-ന് കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടാനുള്ള സര്‍വ്വ പിന്തുണയും പ്രധാന മന്ത്രി ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തു. സ്വാതന്ത്ര്യത്തിനായി പടപൊരുതുന്ന മുക്തി ബാഹിനി സേനയ്ക്കു ഇന്ത്യ ഗറില്ലാ പരിശീലനം നല്‍കി. പാക്കിസ്ഥാന്‍ സൈന്യം പുറത്താക്കപ്പെട്ട കിഴക്കന്‍ ബംഗാളികളായ സൈനികരുടെ സഹായവും ഇന്ത്യ ഉപയോഗപ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥി പ്രവാഹത്തിന് അറുതിവരുത്താന്‍ പ്രയാസമായ സാഹചര്യത്തില്‍ പാക്കിസ്ഥാനെതിരെ യുദ്ധം നടത്താന്‍ തന്നെ ഇന്ത്യ തയ്യാറെടുത്തു. ഇതിനിടെ 1971 നവംബറില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ റാലികളും പൊതുയോഗങ്ങളും നടത്തി ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യണമെന്ന് പാക് പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നവംബര്‍ 23-ന് യാഹ്യാഖാന്‍ പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 3-ന് പാക്കിസ്ഥാന്‍ വ്യോമസേന ഇന്ത്യയില്‍ ആഗ്ര ഉള്‍പ്പെടെ 12 വിമാനത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തി. ഉടന്‍ തന്നെ പ്രത്യാക്രമണം നടത്താന്‍ നമ്മുടെ കര-നാവിക-വ്യോമ സേനകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് പാക് പ്രവിശ്യകളെയും ലക്ഷ്യമിട്ട് നമ്മുടെ കരസേന സജീവമായി രംഗത്തിറങ്ങി. വ്യോമസേന കരസേനയ്ക്കു പൂര്‍ണ്ണ പിന്തുണനല്‍കികൊണ്ട് പാക്കിസ്ഥാന്റെ ഉള്‍പ്രദേശങ്ങളിലെ വ്യോമയാനങ്ങളില്‍ പ്രവേശിച്ച് ഉഗ്രമായ രീതിയില്‍ ബോംബുവര്‍ഷം തുടങ്ങി. നാവികസേനയും സജീവമായി യുദ്ധരംഗത്തിറങ്ങി. നിരവധി പാക്കിസ്ഥാന്‍ യുദ്ധക്കപ്പലുകള്‍ നശിപ്പിക്കപ്പെട്ടു. കറാച്ചി തുറമുഖം നമ്മുടെ ബോംബുവര്‍ഷത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. പാക്കിസ്ഥാനിലെ ചിറ്റഗോങ് തുറമുഖവും നമ്മുടെ നാവികസേന ആക്രമിച്ചു നശിപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് കിഴക്കന്‍ പാക്കിസ്ഥാനിലേക്കു പ്രവേശിക്കുന്ന സമുദ്രതീരം പൂര്‍ണ്ണമായും ഇന്ത്യന്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. നമ്മുടെ നാവിക-വ്യോമസേനകള്‍ സംയുക്തമായി നടത്തിയ ആക്രമണങ്ങളില്‍ കിഴക്കന്‍ പാക്കിസ്ഥാനുമായുള്ള പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒട്ടുമിക്ക പട്ടണങ്ങളും നമ്മുടെ വ്യോമസേന ബോംബു ചെയ്തു നശിപ്പിച്ചു.

കരസേന പാക് പ്രവിശ്യകള്‍ ഓരോന്നായി കയ്യടക്കി. ലാഹോര്‍ പട്ടണം വരെ നമ്മുടെ കരസേനയുടെ അധീനതയിലായി. കിഴക്കന്‍ പാക്കിസ്ഥാന്‍ ഏതാണ്ടു പൂര്‍ണ്ണമായും നമ്മുടെ സേന കയ്യടക്കി. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്ന പാക്കിസ്ഥാന്‍ അംബാല ജയിലാശുപത്രി ഉള്‍പ്പെടെ നമ്മുടെ പല സിവിലിയന്‍ പ്രദേശങ്ങളിലും ബോംബു വര്‍ഷിച്ചു. നമ്മുടെ യുദ്ധകപ്പലായ ഐഎന്‍എസ് കുക്രിയെ അറേബ്യന്‍ കടലില്‍ വച്ച് പാകിസ്ഥാന്‍ യുദ്ധക്കപ്പലായ (അന്തര്‍വാഹിനി) പിഎന്‍എസ് ഹാംഗര്‍ മുക്കുകയുണ്ടായി. അങ്ങനെ നമ്മുടെ 176 നാവികര്‍ക്കും 18 ആഫീസര്‍മാര്‍ക്കും ജീവഹാനിയുണ്ടായി. പാക്കിസ്ഥാന്റെ യുദ്ധക്കപ്പലുകളായ കൈബര്‍ മുഹാഫിസ്, ഷാജഹാന്‍ തുടങ്ങിയവയെ നമ്മുടെ നാവികസേന നശിപ്പിച്ചു. 720 പാക് നാവികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ വ്യോമാക്രമണങ്ങളില്‍ നിരവധി വിമാനങ്ങളും വൈമാനികരും നമുക്കു നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാന് നാം ഏല്‍പ്പിച്ച പ്രഹരം വളരെ വലുതാണ്.

പഞ്ചാബ്, സിന്‍ഡ്, കാശ്മീര്‍, മേഖലകളിലായി പാക്കിസ്ഥാന്റെ ഉള്‍പ്രവിശ്യകളില്‍ നിന്നും 14000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം നമ്മുടെ കരസേനയ്ക്കു കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞതായിട്ടാണ് അന്നത്തെ ഔദ്യോഗിക കണക്കുകള്‍. പൂര്‍വപാക്കിസ്ഥാന്‍ പൂര്‍ണ്ണമായും ഇന്ത്യയ്ക്ക് കീഴടങ്ങി. ഡാക്കയില്‍വച്ച് 93000 പാക് സൈനികരുമായി പാക് സൈനികമേധാവി ലഫ്. ജനറല്‍ നിയാസി ഇന്ത്യയ്ക്ക് കീഴടങ്ങി. ഇന്ത്യന്‍ സേനാ നായകന്മാരായ ലഫ്. ജനറല്‍ ജെ.എസ്. അറോറ, വൈസ് അഡ്മിറല്‍ എന്‍.കൃഷ്ണന്‍, എയര്‍മാര്‍ഷല്‍ എച്ച്.സി. ഡീവാന്‍ എന്നിവര്‍ കീഴടങ്ങല്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പു വച്ചു. അങ്ങനെ ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം രൂപീകൃതമായി. മുജിബുര്‍ റഹ്മാന്‍ ബംഗ്ലാദേശിന്റെ ആദ്യപ്രധാനമന്ത്രിയായി ചുമതലയേറ്റു. നാം പിടിച്ചെടുത്ത പടക്കോപ്പുകളും വിമാനങ്ങളും യുദ്ധക്കപ്പലുകളുമൊക്കെ പുതിയ രാഷ്ട്രമായ ബംഗ്ലാദേശിന് കൈമാറി. 1972-ല്‍ സിംലയില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും പിടിച്ചെടുത്ത പ്രവിശ്യ മുഴുവനും പാക്കിസ്ഥാനു വിട്ടുകൊടുത്തു. തുടര്‍ന്ന് യുദ്ധ തടവുകാരെ പരസ്പരം കൈമാറി. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഡിസംബര്‍ 16 വിജയദിനമായി വര്‍ഷം തോറും ഇന്ത്യ ആചരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.