രാമായണശീലുകളുയര്‍ന്നു നാടും നഗരവും ഭക്തിസാന്ദ്രം

Sunday 17 July 2011 10:09 pm IST

കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ രാമായണമാസാചരണം തുടങ്ങി. രാവിലെ 5 മണിക്ക്‌ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും, ക്ഷേത്രം മേല്‍ശാന്തിയുമായ ഏഴിക്കോട്‌ കൃഷ്ണദാസ്‌ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. തുടര്‍ന്ന്‌ രാവിലെ 6 മുതല്‍ അഖണ്ഡരാമായണ പാരായണം നടന്നു. ഇന്‍ന്മുതല്‍ എല്ലാദിവസവും രാവിലെ 6 മുതല്‍ ഭക്തജനങ്ങള്‍ക്ക്‌ രാമായണ പാരായണം നടത്തുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ക്ഷേത്രത്തില്‍ എല്ലാദിവസവും നടക്കുന്ന അന്നദാനത്തിനുപുറമെ, കര്‍ക്കിടകത്തിലെ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക്‌ ഔഷധകഞ്ഞിവിതരണം ഉണ്ടായിരിക്കും. എല്ലാദിവസവും ദീപാരാധനയ്ക്കുശേഷം ഭഗവതി സേവ ഉണ്ടായിരിക്കും. കര്‍ക്കിടകവാവ്‌ പ്രമാണിക്ക്‌ 30ന്‌ രാവിലെ 6 മണി മുതല്‍ എടത്തല വിജയന്‍തന്ത്രിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രസമിതി സെക്രട്ടറി കെ.പി.മാധവന്‍ കുട്ടി അറിയിച്ചു. പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലും സന്നധ സംഘടനകളിലും ആശ്രമങ്ങളിലും രാമായണ പാരായണം തുടങ്ങി. പെരുമ്പാവൂര്‍ ആല്‍പ്പാറ ക്ഷേത്രത്തില്‍ 16ന്‌ അഖണ്ഡരാമായണ പാരായണത്തോടെ സമാപിക്കും. ദിവസേന ഗണപതിഹോമവും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ദിവസേന രാമായണ പാരായണം നടക്കും. രായമംഗലം കൂട്ടുമഠം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച്‌ വിശേഷാല്‍ ഗണപതിഹോമവും പൂജകളും നടക്കും. ദിവസേന വെളുപ്പിന്‌ നിര്‍മാല്യ ദര്‍ശനത്തിന്‌ ശേഷവും വൈകീട്ട്‌ ദീപാരാധനക്ക്‌ ശേഷവും രാമായണ പാരായണം നടക്കും. പെരയ്ക്കാട്‌ ശിവക്ഷേത്രം, കാരൂര്‍ വിഷ്ണുക്ഷേത്രം, മൂവര്‍ കുളങ്ങരകാവ്‌ എന്നിവിടങ്ങളില്‍ ദിവസേന പ്രത്യേക പൂജകള്‍ തുടങ്ങി. വട്ടക്കാട്ടുപടി വിളാവത്ത്‌ ഭഗവതിക്ഷേത്രത്തില്‍ രാമായണപാരായണത്തിന്‌ ചന്ദ്രബാബു നേതൃത്വം നല്‍കി. രായമംഗലം കൂട്ടുമഠം നായര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓരോദിവസവും ഒരോ ഭവനങ്ങളിലായി രാമായണ മാസാചരണം നടക്കുന്നത്‌. കൂട്ടുമഠം ശ്രീമുരുക ഭഗവത്‌ സേവാസമിതിയുടെയും കേരള വിശ്വകര്‍മ സഭ രാമയമംഗലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന പാഞ്ചജന്യം ഹാളില്‍ രാമായണ പാരായണവും സദ്സംഘവും തുടങ്ങി. ഒക്കല്‍ അമൃതാനന്ദമയീമഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമായണ മാസാചരണ പരിപാടി ആരംഭിച്ചു. ദിവസേന രാമായണ പാരായണം, ലളിതാസഹസ്രനാമം, അര്‍ച്ചന, സദ്സംഗം, ഭജന, ആരതി എന്നിവയാണ്‌ പരിപാടികള്‍. ആലുവ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ആലുവ അയ്യപ്പസേവാസംഘം ഭജനമഠത്തില്‍ രാമായണ പാരായണം ആരംഭിച്ചു. ദിവസവും അഷ്ടദ്രവ്യമഹാഗണപതിഹോമവും ഭഗവതിസേവയും നടക്കും. ഇന്ദിരാടീച്ചര്‍, നാണുക്കുട്ടിയമ്മ, രാധാമണിയമ്മ എന്നിവര്‍ രാമായണ പരായണത്തിന്‌ നേതൃത്വം നല്‍കുന്നു. 29ന്‌ സമ്പൂര്‍ണ രാമായണപാരായണം നടക്കും. ആലുവ: രാമായണമാസാചരണത്തിന്റെ ഭാഗമായി വിശ്വഹിന്ദുപരിഷത്ത്‌ തോട്ടക്കാട്ടുകര മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗൃഹങ്ങള്‍തോറും രാമായണ പാരായണം ആരംഭിച്ചു. മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന്‌ തുടക്കമായി. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം, പുഴക്കരകാവ്‌ ദേവീക്ഷേത്രം, മഹാഗണപതി ക്ഷേത്രം, ശ്രീകുമാരഭജന ക്ഷേത്രം, നെട്ടൂര്‍കോട്ട്‌ ഭഗവതി ക്ഷേത്രം, കിഴക്കേക്കര ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, മുടവൂര്‍ ചാക്കുന്നത്ത്‌ മഹാദേവ ക്ഷേത്രം, പായിപ്ര മാനാറി ഭഗവതി ക്ഷേത്രം, കടാതി പോര്‍ക്കാളി ഭദ്രകാളി ക്ഷേത്രം, റാക്കാട്‌ കാരണാട്ട്‌ കാവ്‌ ഭഗവതി ക്ഷേത്രം എന്നിവടങ്ങളില്‍ രാമായണപാരായണം ആരംഭിച്ചത്‌. രാവിലെ 6മുതല്‍ 8വരെയും വൈകിട്ട്‌ 5മുതല്‍ 7വരെയും പാരായണം നടക്കുന്നത്‌. കൂടാതെ വിശേഷാല്‍ പൂജകള്‍, മതപ്രഭാഷണം, ആദ്ധ്യാത്മിക പ്രഭാഷണ ക്ലാസുകള്‍ തുടങ്ങിയവയാണ്‌ പരിപാടികള്‍. താലൂക്ക്‌ ക്ഷേത്ര ഏകോപന സമിതിയുടെ നേതൃത്വത്തില്‍ താലൂക്കിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും രാമായണ മാസാചരണം തുടങ്ങി. എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിനു സമീപമുള്ള ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തുടങ്ങി. മുപ്പത്തി ഒന്നു വരെ ആചരിക്കും. ദിവസവും രാവിലെ ഗണപതിഹവനം, രാമായണ പാരായണം, വൈകുന്നേരം ഭഗവത്സേവ എന്നിവയാണ്‌ പരിപാടികള്‍. കൊച്ചി: പച്ചാളം, തച്ചപ്പുഴ ദേവീ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികള്‍ സ്വാമി പുരന്ദരാനന്ദജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. അനുഗ്രഹപ്രഭാഷണം നടത്തി. രാമായണ പാരായണത്തിന്‌ മാതൃമണ്ഡലം നേതൃത്വം നല്‍കി. ക്ഷേത്രം മേല്‍ശാന്തി സുധീഷിന്റെ കാര്‍മികത്വത്തില്‍ ഗുരുഗണപതിഹോമം, ബാലപരമേശ്വരി പൂജ, പരിവാരസമേതം പൂജയും നടന്നു. നെടുമ്പാശ്ശേരി: അകപ്പറമ്പ്‌ ഇരവികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ രാമായണ മാസാചരണം ക്ഷേത്രം സെക്രട്ടറി അജി. കെ.കെ. ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ധനഞ്ജയന്‍ മേയ്ക്കാടിന്റെ നേതൃത്വത്തില്‍ രാമായണ പാരായണം നടക്കും. ഗണപതിഹോമം, ഭഗവതിസേവ, പ്രത്യേക വഴിപാടുകള്‍ മേല്‍ശാന്തി സുരേഷ്‌ ഭട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇരവികുളങ്ങര ക്ഷേത്രം ഭാരവാഹികളായ അഭിലാഷ്‌ അജി, മുന്‍ പ്രസിഡന്റ്‌ കെ. മുരളി, ലാല്‍ജി, സന്തോഷ്‌ വാപ്പാലശ്ശേരി, ഷാജി ചേന്നാടത്ത്‌, കെ.ആര്‍. വേലായുധന്‍, വേണു എ.എന്‍, പി.കെ. മോഹനന്‍, സിജു അരവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.