ബസിന്റെ മാസതവണയടക്കാതെ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Friday 15 December 2017 9:53 pm IST

 

തൊടുപുഴ: വാങ്ങിയ ബസിന്റെ മാസത്തവണ അടയ്ക്കാതെ യഥാര്‍ത്ഥ ഉടമയ്ക്ക് നഷ്ടമുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. സുല്‍ത്താന്‍ബത്തേരി സ്വദേശി സജി(44), കൊയിലാണ്ടി സ്വദേശി സുനില്‍കുമാര്‍(45) എന്നിവരാണ് ജോഷ് ട്രാവല്‍ ഉടമയുടെ പരാതിയില്‍ പിടിയിലായത്. 18 ലക്ഷം രൂപ നഷ്ടം ഉണ്ടാക്കിയെന്നാണ് പരാതി. 2013ല്‍ സജി ജോഷ് ട്രാവല്‍സില്‍ നിന്ന് ടൂറിസ്റ്റ് ബസ് വാങ്ങിയിരുന്നു. പിന്നീടിത് കരാര്‍ പ്രകാരം സുനില്‍ കുമാറിന് മറിച്ച് വില്‍ക്കുകയായിരുന്നു. മാസത്തവണ കൃത്യമായി അടച്ചോളാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സുനില്‍കുമാര്‍ 10 ലക്ഷം രൂപ വരുന്ന ബോഡി മാറ്റി 5 ലക്ഷം രൂപയുടെ സാധാരണ ബസിന്റെ ബോഡി കയറ്റുകയായിരുന്നു. പിന്നീടിത് സ്വകാര്യ ബസായി സര്‍വ്വീസ് നടത്തി വരികയായിരുന്നു.
ഇരുവരും മാസത്തവണ അടയ്ക്കാതെ വന്നതോടെ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കൃത്യമായ തുക ഈടാക്കിയിരുന്നു. കമ്പനി പിന്നീട് വിവരം അറിയുകയും പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കൊയിലാണ്ടി ആര്‍ടിഒ ബസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. നഷ്ടം ഈടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജോഷ് ട്രാവല്‍സ് തൊടുപുഴ പോലീസിനെ സമീപിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ പിടികൂടിയ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.