'വാക്‌സിന്‍ വേണ്ടാത്തവര്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കണം'

Saturday 16 December 2017 9:30 am IST

കൊച്ചി: മീസില്‍സ് റുബെല്ല വാക്സിനോട് എതിര്‍പ്പുള്ള രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതരെ അക്കാര്യം അറിയിക്കാമെന്നും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ തീരുമാനം.

വാക്‌സിന്‍ നല്‍കുന്നതില്‍ ഏതെങ്കിലും രക്ഷിതാവിന് എതിര്‍പ്പുണ്ടെങ്കില്‍ അധികൃതരെ അക്കാര്യം അറിയിക്കാമെന്നും അവരുടെ കുട്ടിയെ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്നും നേരത്തെ ഇവരുടെ ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കുന്നതില്‍ എതിര്‍പ്പുള്ള രക്ഷിതാക്കള്‍ കളക്ടറേറ്റിലെത്തി അക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഈ ഉത്തരവിനെയാണ് പിടിഎ ഭാരവാഹികള്‍ ചോദ്യം ചെയ്തത്.

മലപ്പുറത്തിന് പുറത്തുള്ള രക്ഷിതാക്കള്‍ നേരിട്ട് കളക്ടറേറ്റിലെത്തി എതിര്‍പ്പ് രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നും രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നീക്കമാണിതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചാല്‍ മതിയെന്നും അവര്‍ ഇക്കാര്യം കളക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.