ജിഷ വധം സിബിഐ അന്വേഷിക്കണം: ആക്ഷന്‍ കൗണ്‍സില്‍

Saturday 16 December 2017 2:30 am IST

കൊച്ചി: ജിഷ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയിലേക്ക്. കേസിന്റെ തുടക്കം മുതല്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ശിക്ഷിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാം നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ. സെയ്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പോലീസ് അടുത്ത ദിവസം വൈകിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് നാലു ദിവസം കഴിഞ്ഞാണു തൊണ്ടിമുതലായ ചെരുപ്പ് കനാലില്‍നിന്നു കണ്ടെടുക്കുന്നത്. ഇത് കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശയത്തിനു കാരണമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നു.

ആദ്യ അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെ് ഇന്‍ക്വസ്റ്റ് തയാറാക്കിയതും പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ കൊണ്ടു അലക്ഷ്യമായി ചെയ്യിച്ചതും അന്വേഷണത്തിലെ വീഴ്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.മാത്രമല്ല ഇത് വീഡിയോയില്‍ പകര്‍ത്തിയില്ല.

കുറ്റകൃത്യം നടന്ന ദിവസം മുതല്‍ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതി എവിടെയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പറഞ്ഞു.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുള്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരനെന്നു തെളിഞ്ഞ പ്രതിയ്ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.