ശനിയാഴ്ച എടച്ചന കുങ്കന്‍ സ്മൃതിദിനം

Friday 15 December 2017 10:12 pm IST

വെള്ളമുണ്ട: ശനിയാഴ്ച എടച്ചന കുങ്കന്‍ സ്മൃതിദിനം  212 വര്‍ഷങ്ങള്‍ക്ക്മുന്‍പാണ് സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ എടച്ചന കുങ്കന്‍ വീരമൃത്യു വരിച്ചത്. പഴശ്ശിരാജാവിനോടൊപ്പം എടച്ചന കുങ്കന്‍ ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ ഭാഗമാക്കി വയനാട്ടുകാരെ മാറ്റി. ഗോത്ര മൂപ്പന്മാരെയും വെളിച്ചപ്പാടുകളെയും നായര്‍ പ്രമാണിമാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റാന്‍ കുങ്കന് കഴിഞ്ഞു. പരമ്പരാഗത ഉപകരണങ്ങളെ ആയുധങ്ങളാക്കി പ്രായോഗിക്കാന്‍ പഠിപ്പിച്ചതും കുങ്കനായിരുന്നു. ക്ഷേത്രാങ്കണങ്ങളും നായര്‍ തറവാടുകളും ഗോത്രകുലങ്ങളും സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ വേദികളാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. വയനാടന്‍ ഗോത്രജനതയെ യുദ്ധസജ്ജരാക്കിയ ചരിത്ര പുരുഷനായി എടച്ചന കുങ്കന്‍ മാറി.
1791 ല്‍ നടന്ന പേരിയ യുദ്ധവും നിണ്ടുമ്മല്‍ യുദ്ധവും 1800ല്‍ നടന്ന പുളിഞ്ഞാല്‍ യുദ്ധവും 1802 ലെ പനമരം കോട്ടയാക്രമണത്തിലെയും നേതൃത്വം എടച്ചന കുങ്കനും തലക്കര ചന്തുവിനുമായിരുന്നു. ആ പോരാട്ടത്തില്‍ കുങ്കന് തന്റെ സഹോദരന്മാരെയും സഹോദരീ പുത്രനെയും നഷ്ടമായി.1805 നവംബര്‍ 15ന് തലക്കര ചന്തുവും 30ന് പഴശ്ശിരാജാവും വീരമൃത്യു വരിച്ചു. തുടര്‍ന്ന് പോരാട്ടം കുങ്കന്‍ ഏറ്റെടുത്തു.1805ഡിസംബര്‍ 16ന് പഴശ്ശിരാജാവിനും തന്റെ സഹോദരന്മാര്‍ക്കും മരണാനന്തര ക്രിയകള്‍ ചെയ്യാനായി വീട്ടിലെത്തിയ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ വളഞ്ഞു.അവിടെ നിന്നും രക്ഷപ്പെട്ട കുങ്കന്‍ പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ എത്തി തന്റെ കഠാര കൊണ്ട് കുത്തി സ്വയം വീരമൃത്യു വരിക്കുകയായിരുന്നു.
കുങ്കന്റെ പോരാട്ടവീര്യം പിന്‍ തലമുറയ്ക്ക് പാഠമാവേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചരിത്രം ചില പക്ഷപാതികളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ എടച്ചന കുങ്കനടക്കമുള്ള ചരിത്രപുരുഷന്മാരുടെ മഹത് ചരിത്രം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. എങ്കിലും സ്മൃതികുടീരങ്ങളില്‍ നിന്നും അവരുടെ സ്മരണകള്‍ ഉയര്‍ന്നുവരുന്ന ഒരു കാലത്താണ് ഇന്ന് എത്തിനില്‍ക്കുന്നത്.
എടച്ചന കുങ്കന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് വീരപഴശ്ശിസ്മാരക സമിതി സെക്രട്ടറി വി.കെ.സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.