ഓഖി: പ്രത്യേക പാക്കേജ് നടപ്പാക്കണം: മത്സ്യപ്രവര്‍ത്തക സംഘം

Saturday 16 December 2017 2:30 am IST

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു

തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ എത്രയുംവേഗം കണ്ടെത്തണമെന്നും പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സെക്രട്ടേറിയറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. ഉപവാസത്തിന് നേതൃത്വം നല്‍കുന്ന മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ് ബാബുവിന് ഷാള്‍ അണിയിച്ച് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.

ദുരന്തം വന്നശേഷം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഇ.എസ്. ബിജു കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത്. ചുഴലിക്കാറ്റ് വിവരം മുന്‍കൂട്ടി അറിയിക്കുന്നതിലും ദുരന്തനിരവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും പരാജയപ്പെട്ടു. തീരദേശമേഖലയില്‍ ദുരന്ത നിവാരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി ദുരന്തനിവാരണസേന രൂപീകരിക്കണം. മത്സ്യത്തൊഴിലാളി സംഘടനകളെക്കൂടി വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജു ആവശ്യപ്പെട്ടു.

കടലറിവുള്ള മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്ഥിരം ജീവന്‍രക്ഷാസംവിധാനം രൂപീകരിക്കുക, ദുരിതാശ്വാസവും പുനരധിവാസവും വിവേചനമില്ലാതെ നടപ്പാക്കുക, തീരദേശസമൂഹത്തിന് തൊഴില്‍ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുക, അതിരൂക്ഷമായ കടലാക്രമണം നടക്കുന്ന പനത്തുറയില്‍ ഐഐടി പഠന റിപ്പോര്‍ട്ട് പ്രകാരം പുലിമുട്ടുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു.

ഒബിസി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് പി. പീതാംബരന്‍, വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, അഡ്വ. ശാന്തിദേവി, ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനനേതാക്കളായ കെ.ജി. രാധാകൃഷ്ണന്‍, എന്‍.പി. രാധാകൃഷ്ണന്‍, പി.പി. സദാനന്ദന്‍, ബി. ശിവപ്രസാദ്, കെ.ഡി. ദയപാലന്‍, സി.വി. അനീഷ്, രാജുപരിമണം, മല്ലിക പനത്തുറ, ഗിരിജ പൂന്തുറ എന്നിവര്‍ ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് സമര പന്തലിലേക്ക് വിഎച്ച്പി ജില്ലാകമ്മറ്റി പ്രകടനം നടത്തി. നേതാക്കളായ വി.ആര്‍. രാജശേഖരന്‍, മംഗലത്തുകോണം സുധി, വെണ്ണിയൂര്‍ ഹരി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 10.30ന് ഉപവാസം സമാപിക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പങ്കെടുക്കും.

ചര്‍ച്ച നാളെ

തിരുവനന്തപുരം: മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ആവശ്യം അംഗീകരിച്ചു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മത്സ്യമേഖലയിലുള്ള സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. നാളെ രാവിലെ 11ന് തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ വച്ചാണ് ചര്‍ച്ച. മത്സ്യപ്രവര്‍ത്തകസംഘത്തെയും ഇതാദ്യമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.