വിജയ വഴിയില്‍ മഞ്ഞപ്പട

Saturday 16 December 2017 2:45 am IST

കൊച്ചി: ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന്. ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. കളിയുടെ 24-ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീതിന്റെ തകര്‍പ്പന്‍ ഹെഡ്ഡറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോളായത്. മൂന്ന് സമനിലകള്‍ക്കും ഒരു പരാജയത്തിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിന്് മുന്‍പ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍കീപ്പര്‍ ടി.പി. രഹ്‌നേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ മത്സരങ്ങൡ നിന്ന് വ്യത്യസ്തമായി പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ഏറെ മുന്നിട്ടുനിന്നു. സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണിന്റെ പ്രകടനം ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ നിര്‍ണായകമായി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മുന്നേറ്റത്തിനും തുടക്കമിടുന്നതിനൊപ്പം എതിര്‍ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും ബ്രൗണ്‍ മുന്നിലായിരുന്നു. ബ്രൗണാണ് ഇന്നലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. ഇന്നലത്തെ വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി.

ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ മൈതാനത്തെത്തിയത്. പ്രതിരോധത്തില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ ഇടംപിടിച്ചു. ബെര്‍ബറ്റോവിന് പകരം ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായാണ് ബ്രൗണ്‍ എത്തിയത്. മധ്യനിരയില്‍ അരാട്ട ഇസുമിക്ക് പകരം സിയാം ഹംഗലും ലോകന്‍ മെയ്‌തേയിക്ക് പകരം സി.കെ. വിനീതും കളത്തിലെത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തി.

തുടക്കത്തില്‍ ആദ്യ അവസരം ലഭിച്ചത്് സന്ദര്‍ശകര്‍ക്ക്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് മാഴ്‌സീഞ്ഞോ പായിച്ച ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റെച്ചൂബ്ക കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണറിനും അപകടം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് മനോഹരമായ മുന്നേറ്റങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. എട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സിഫ്‌നിയോസ് ഒരു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പതിനെട്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സെസാരിയോയുടെ ഒരു ഷോട്ടും കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മറ്റൊരു ശ്രമം സന്ദേശ് ജിംഗന്‍ ക്ലിയര്‍ ചെയ്തു. പതിയെ കളിയിലേക്ക് മികച്ച മുന്നേറ്റങ്ങളുമായി തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് 23-ാം മിനിറ്റില്‍ ലീഡ് നേടി.

സ്വന്തം ഹാഫില്‍ നിന്ന് സന്ദേശ്ജിംഗന്‍ തുടങ്ങിവെച്ച നീക്കത്തിനൊടുവില്‍ പന്ത് റിനോ ആന്റോയിലേക്ക്. വലതുവിംഗില്‍ക്കൂടി കുതിച്ചുകയറിയശേഷം ബോക്‌സിലേക്ക് നല്‍കിയ അളന്നു മുറിച്ച ക്രോസ് ഒരു സൂപ്പര്‍ ഹെഡ്ഡറിലൂടെ സി.കെ. വിനീത് വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി രഹ്‌നേഷിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലീഡ് നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌റ്റേഡിയത്തില്‍ ആഹ്ലാദനൃത്തം നടത്തി.

കഴിഞ്ഞ മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനം നടത്തിയതിന്റെ പ്രായച്ഛിത്തമായിരുന്നു വിനീതിന്റെ മിന്നുന്ന ഗോള്‍. ലീഡ് നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആക്രമണങ്ങളുടെ തിരമാല തീര്‍ത്തു. വെസ് ബ്രൗണും കറേജ് പെക്കൂസണും ജാക്കിചന്ദും എണ്ണയിട്ടയന്ത്രം കണത്തെ മുന്നേറ്റങ്ങള്‍ മെനഞ്ഞെടുത്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പലതവണ പൊട്ടിച്ചിതറി. എന്നാല്‍ ഗോള്‍വലക്ക് മുന്നില്‍ നിലയുറപ്പിച്ച രഹ്‌നേഷിന്റെ മിന്നുന്ന ഫോം ബ്ലാസ്‌റ്റേഴ്‌സിന് വിലങ്ങുതടിയായി. 42-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്് അടുത്ത തിരിച്ചടി. ഗോള്‍കീപ്പര്‍ ടി.പി. രഹ്‌നേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. പെക്കൂസണ്‍ നീട്ടിയ പന്തുമായി കുതിച്ച സിഫ്‌നിയോസിനെ വീഴ്ത്തിയതനായിരുന്നു രഹ്‌നേഷിന് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചത്. ഇതോടെ നോര്‍ത്ത് ഇൗസ്റ്റ് പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ സ്‌ട്രൈക്കര്‍ ഹോളിചരണ്‍ നര്‍സാരിയെ പിന്‍വലിച്ച് ഗോള്‍വലയം കാക്കാന്‍ രവികുമാറിനെ നിയോഗിച്ചു. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് അവസരം. ഡാനിലോയുടെ കാലുകളില്‍ നിന്നും പന്ത്് റാഞ്ചിയ ജിംഗാന്‍ പെക്കൂസണ് നല്‍കി. പന്തുമായി മുന്നേറിയശേഷം പെക്കൂസണ്‍ വിനീതിനെ ലക്ഷ്യമാക്കി നല്‍കിയെങ്കിലും അതിന് മുമ്പ് നോര്‍ത്ത് ഈസ്റ്റ് ഗോളി രവികുമാര്‍ പന്ത് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ പെക്കൂസണ് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പെക്കൂസന്റെ ഷോട്ട് സാംബിഞ്ഞ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍. 57-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള ബ്ലാസ്‌റ്റേഴ്‌സ് ശ്രമത്തിന് പോസ്റ്റ് വിലങ്ങുതടിയായി. പെക്കൂസണ്‍ പന്തുമായി മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം പന്ത് ലാല്‍റുവാതാരക്ക് കൈമാറി.

പന്ത് കിട്ടിയ ലാല്‍റുവാതാര ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. തൊട്ടുപിന്നാലെ ജാക്കിചന്ദിന്റെ അളന്നുമുറിച്ച ക്രോസ്് പോസ്റ്റിലേക്ക് തിരിച്ചുവിടാന്‍ റിനോ ആന്റോ ശ്രമിച്ചെങ്കിലും ഹോസെ ഗൊണ്‍സാല്‍വസ് പന്ത് ബ്ലോക്ക് ചെയ്തു രക്ഷപ്പെടുത്തി. 60-ാം മിനിറ്റില്‍ മാഴ്‌സീഞ്ഞോക്ക് പകരം ലൂയിസ്് അല്‍ഫോണ്‍സയെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി. 64-ാം മിനിറ്റില്‍ ജാക്കിചന്ദിന്റെ ഷോട്ടും നോര്‍ത്ത് ഈസ്റ്റ് ഗോളി രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ ജാക്കിചന്ദിനെ തിരിച്ചുവിളിച്ച് ബ്ലാസ്‌റ്റേഴ്‌സ് മിലന്‍ സിങിനെ കളത്തിലെത്തിച്ചു. ഇടയ്ക്ക് നോര്‍ത്ത് ഇൗസ്റ്റും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ജിംഗാനും വെസ് ബ്രൗണും അടങ്ങിയ പ്രതിരോധം കീഴടക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കളികളില്‍ നിന്നും വ്യത്യസ്തമായി റിനോ ആന്റോയും ഇന്നലെ മികച്ച പ്രകടനം നടത്തി.

71-ാം മിനിറ്റില്‍ സന്ദര്‍ശകര്‍ക്ക് ലഭിച്ച കോര്‍ണറും മുതലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഡാനിലോയുടെ ഷോട്ട് റിനോ ആന്റോ ബ്ലോക്ക് ചെയ്തു രക്ഷപ്പെടുത്തി. 76-ാം മിനിറ്റില്‍ ഹോസെ ഗൊണ്‍സാല്‍വസിനെ തിരിച്ചുവിളിച്ച് നോര്‍ത്ത് ഈസ്റ്റ് ലോപ്പസ് ഫോര്‍ട്‌സിനെ കളത്തിലിറക്കി. തൊട്ടുപിന്നാലെ ലഭിച്ച ്രഫീകിക്കും ബ്ലാസ്‌റ്റേഴ്‌സിന് മുതലാക്കാന്‍ കഴിഞ്ഞില്ല. മിലന്‍ സിങ് എടുത്ത കിക്കിന് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന ജിംഗന്‍ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 77-ാം മിനിറ്റില്‍ ലൂയിസ് അല്‍ഫോണ്‍സോയ്ക്കും 82-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഡയസിനും ഫൗള്‍ പ്ലേക്ക് മഞ്ഞക്കാര്‍ഡ്. ബ്ലാസ്‌റ്റേഴ്‌സിന്റെ സിഫ്‌നിയോസിനും കയ്യാങ്കളിക്ക് ബുക്കിങ് കിട്ടി. പിന്നീട് കളി പരിക്കു സമയത്തേക്ക് കടന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഇയാന്‍ ഹ്യൂമിനെ കളത്തിലെത്തിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 22ന് ചെന്നൈയില്‍ നടക്കുന്ന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികള്‍ ചെന്നൈയിന്‍ എഫ്‌സി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.