മണിയും മേഴ്സിക്കുട്ടിയമ്മയും പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത മന്ത്രിമാര്‍

Saturday 16 December 2017 2:45 pm IST

 

കൊച്ചി: ആളുകളോട് എങ്ങനെ പെരുമാണമെന്ന് അറിയാത്ത എം.എം. മണിയും മേഴ്സിക്കുട്ടിയമ്മയും പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത മന്ത്രിമാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തീരദേശ സ്ത്രീകളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി മണിക്ക് സ്ത്രീകളെ അപമാനിക്കുന്നത് ഹോബിയാണ്. സംസ്‌കാരത്തിന് യോജിച്ച രീതിയിലല്ല മണി സ്ത്രീകളോട് പെരുമാറുന്നത്. സ്ത്രീത്വത്തെ പിച്ചീച്ചീന്തിയാണ് പ്രസംഗം. ബെല്ലും ബ്രേക്കുമില്ലാതെ തോന്നിയത് വിളിച്ചുപറയുന്ന മണിയെ കേരളത്തിന് അധികകാലം സഹിക്കാനാവില്ല. മത്സ്യതൊഴിലാളി സ്ത്രീകളെ അപമാനിച്ച മേഴ്സിക്കുട്ടിയമ്മയെ നിയന്ത്രിക്കാനും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഓഖിദുരന്തത്തില്‍ മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്തിരുന്നെങ്കില്‍ മേഴ്സിക്കുട്ടിയമ്മ ഒന്നാം പ്രതിയാകുമായിരുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും സംസ്ഥാന സര്‍ക്കാറിനും മന്ത്രിമാര്‍ക്കും സമയമില്ല. എങ്ങനെ കൈയേറ്റം നടത്താമെന്നതിനെക്കുറിച്ച് മാത്രമാണ് അവര്‍ ചിന്തിക്കുന്നത്. സ്ത്രീപീഡനങ്ങള്‍ ഏറിയിട്ടും സംസ്ഥാന വനിതാ കമ്മീഷനും ഒന്നും ചെയ്യുന്നില്ല. അഖില കേസില്‍ കാണിച്ച താത്പര്യം മത്സ്യതൊഴിലാളി സ്ത്രീകളുടെ കാര്യത്തില്‍ വനിതാ കമ്മീഷന്‍ കാണിച്ചില്ല. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രവര്‍ത്തനം സിപിഎം നേതാവെന്ന രീതിയിലാണ്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ഇടപെടണം.

കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഉണ്ടോയെന്ന് ചരിത്രഗവേഷകന്മാര്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിനെ മ്യൂസിയത്തില്‍ വെക്കേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും പലകാര്യങ്ങളിലും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മഹിളാ മോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷ കാമിനി ജെയിന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ്, മേഖലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, അഡ്വ.കെ.എസ്. ഷൈജു, പദ്മജാ മേനോന്‍, സഹജ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.