പഴശ്ശിസ്മൃതികളിലേക്കൊരു യാത്ര

Sunday 17 December 2017 2:45 am IST

വീരപഴശ്ശിസ്മൃതികളിലേക്കൊരു യാത്ര അവിചാരിതമായിട്ടായിരുന്നു. പഴശ്ശിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് മാനന്തവാടിയിലെ പഴശ്ശികുടീരത്തിലേക്ക്. ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടി വീരമൃത്യു വരിച്ച പഴശ്ശിയെ അടുത്തറിയുക എന്നതായിരുന്നു ലക്ഷ്യം.

വീറുറ്റ പഴശ്ശിചരിത്രങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം തൃക്കൈക്കുന്ന് ശ്രീമഹാദേവ ക്ഷേത്രം. വന്‍ ചുറ്റുമതിലിനുള്ളില്‍ വിശാലമായ ക്ഷേത്രമുറ്റം. ശ്രീഭാഗവത കഥകള്‍ ചിത്രരൂപത്തില്‍ കൊത്തിയ ക്ഷേത്രത്തിലെ മരത്തൂണുകളും പാക്കുകളും. കിഴക്കെ പ്രവേശന കവാടത്തിന് അഭിമുഖമായി ഏക്കറുകളോളം പരന്നുകിടക്കുന്ന പടവുകള്‍ കെട്ടിയുയര്‍ത്തിയ ക്ഷേത്രക്കുളം. നാടിന്റെ വരദാനമായി മാറിയ ഈ ജലസംഭരണി ശാന്തിഘട്ടായിട്ടാണ് അറിയുന്നത്.

കൈതേരി എടംഭഗവതി ക്ഷേത്രത്തിനും കൈതേരി എടം തറവാടിനും വീരപഴശ്ശിചരിത്രത്തിലെ സ്ഥാനം ഉന്നതമാണ്. പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്നു കൈതേരി അമ്പു. അമ്പുവിന്റെ സഹോദരി മാക്കത്തെയാണ് പഴശ്ശി രാജാവ് വിവാഹം കഴിച്ചതും. കൈതേരി എടംതറവാടിന്റെ മുന്‍ഭാഗം ചരിത്ര സൂക്ഷിപ്പായിട്ടാണ് ഇന്നും നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൂക്ക് വിളക്കും പഴമയുടെ സാക്ഷിയായി മൂന്നോളം മരപീഠങ്ങളും. ക്ഷേത്രമുറ്റത്ത് ആകാശംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന പ്രായം കണക്കാന്‍ കഴിയാത്ത വന്‍ നാട്ടുമാവ്. പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ വര്‍ഷാവര്‍ഷം ഈ മുത്തശ്ശിമാവിനെ ആദരിക്കാറുണ്ടത്രെ. മൂന്നു മീറ്ററിലധികം ചുറ്റളവുള്ള മാവ് മുത്തശ്ശിയെ അവര്‍ പൊന്നാട അണിയിക്കാറുമുണ്ട്.

വീരപഴശ്ശിയെ ചതിയിലൂടെ ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തുക മാത്രമായിരുന്നില്ല, മട്ടന്നൂര്‍ പഴശ്ശിയിലെ രാജാവിന്റെ കൊട്ടാരം ഇടിച്ചുനിരത്തി റോഡ് വെട്ടുകയും ചെയ്താണ് അവര്‍ അരിശം തീര്‍ത്തത്. അന്നത്തെ കൊട്ടാരത്തിനോട് ചേര്‍ന്ന കുളത്തിലാണ് ഇപ്പോള്‍ ഒമ്പത് കോണ്‍ക്രീറ്റ് തൂണുകളില്‍ ഉയര്‍ത്തിയ സ്മൃതി മന്ദിരമുള്ളത്. ഒറ്റ ഈട്ടിത്തടിയില്‍ നിര്‍മ്മിച്ച പഴശ്ശിരാജയുടെ പൂര്‍ണ്ണകായ പ്രതിമ, പഴശ്ശിയുടെ ജീവിത മുഹൂര്‍ത്തങ്ങളെ ആലേഖനം ചെയ്ത ചുമര്‍ചിത്രങ്ങള്‍, പഴശ്ശി രാജാവ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെഴുതിയ കത്തുകളിലെ കൈപ്പടകള്‍.
പഴശ്ശിസ്മൃതിയുടെ വടക്ക് മാറിയാണ് ബ്രിട്ടീഷുകാര്‍ ഇടിച്ചു നിരത്തിയ പഴശ്ശി തറവാട് പിന്നീട് പുനര്‍നിര്‍മ്മിച്ചത്. അവകാശികളുണ്ടെങ്കിലും കാടുകയറിയ നിലയിലാണ് ഇന്നത്തെ അവസ്ഥ. ചിതലുകള്‍ തറവാടിന്റെ കഴിയാവുന്നതിലധികം ഭാഗങ്ങള്‍ കാര്‍ന്നുതിന്ന് നശിപ്പിച്ചു. ചരിത്ര സ്മാരക സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പഴശ്ശി തറവാട് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

പഴശ്ശിരാജയുടെ ഉപാസനാ മൂര്‍ത്തിയാണ് പോര്‍ക്കലി ഭഗവതി. ഇതാണ് മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രം, ഇതിന് തെക്ക് ഭാഗത്താണ് പോര്‍ക്കലി ഭഗവതിയുടെ ആരൂഢസ്ഥാനമായ ഗുഹാക്ഷേത്രം. ഗുഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാവില്‍ ചിതറി കിടക്കുന്ന നിലയിലാണ്. കാടുകള്‍ക്കിടയില്‍ നിറം മങ്ങിയ ചെറു നിലവിളക്കാണ് പ്രതിഷ്ഠാ സ്ഥാനത്തുള്ളത്. നാശോന്മുഖമായിരുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം ചരിത്ര സ്മൃതിയുടെ ഊര്‍ജ്ജമായി ഇന്നേറെ അഭിവൃദ്ധിയിലാണ്.

പഴശ്ശിരാജയുടെ വലംകൈയ്യായിരുന്നു കണ്ണവത്ത് നമ്പ്യാര്‍. അദ്ദേഹത്തെയും മകനെയും ബ്രിട്ടീഷുകാര്‍ പരസ്യമായി തൂക്കിലേറ്റിയ സ്ഥലമാണ് ഇന്നത്തെ കണ്ണവം ടൗണ്‍. കഴുവിലേറ്റിയ മരത്തിന്റെ സ്ഥാനത്ത് സ്മാരകമായി ടൗണില്‍ ഇപ്പോഴും ഒരു മാവ് ഉയര്‍ന്ന് നില്‍ക്കുന്നു. ഇതിന്റെ സംരക്ഷണം ടൗണിലെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് ഏറ്റെടുത്തിരിക്കുന്നു. ധീര ദേശാഭിമാനികളോടുള്ള കടപ്പാടോടെ……

പഴശ്ശികുടീരം സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന് കീഴിലാണിപ്പോള്‍. നിടുമ്പൊയില്‍ വഴി വനത്തിലെ ചുരം റോഡിലൂടെ മാനന്തവാടിയിലേക്ക് യാത്ര. വൈകിട്ട് അഞ്ച് മണിക്കുമുന്നെ എത്തിയെങ്കില്‍ മാത്രമേ പഴശ്ശി കുടീരം സന്ദര്‍ശിക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ടായിരിക്കാം പഴശ്ശി കുടീരത്തിലേക്ക് ടിക്കറ്റ് വെച്ചാണ് പ്രവേശനം. ധീരപഴശ്ശിയെ ബ്രിട്ടീഷുകാരനായ അന്നത്തെ മാനന്തവാടി സബ് കളക്ടര്‍ ടി.എച്ച്. ബാബര്‍ സ്വന്തം തീരുമാനപ്രകാരം സൈനിക ബഹുമതിയോടെ സംസ്‌കരിച്ചതിന്റെ സ്മാരകമാണ് പഴശ്ശികുടിരം. ചെങ്കല്ലില്‍ വൃത്താകൃതിയിലുള്ള പഴശ്ശികുടീരത്തിന് ഒന്നര മീറ്ററോളം വ്യാസം വരും.
ഇതിന്റെ ഭാഗമായ മ്യൂസിയത്തില്‍ വീരപഴശ്ശിയുടെ വാള്‍, അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകള്‍, പഴശ്ശിചരിത്രം, പഴശ്ശിരാജാവിന് കളങ്കമില്ലാത്ത പിന്തുണ നല്‍കിയ വനവാസികള്‍ അക്കാലങ്ങളില്‍ ഉപയോഗിച്ച വീട്ടുപകരണങ്ങളും പണിയായുധങ്ങളും എല്ലാം മ്യൂസിയത്തിലുണ്ട്…….

മാനന്തവാടിയില്‍ നിന്നും മുപ്പതോളം കിലോമീറ്റര്‍ അകലെ പുല്‍പ്പള്ളിക്കടുത്ത് മാവിലാംതോട് വനമേഖലയിലാണ് പഴശ്ശിരാജ 1805 നവംബര്‍ 30ന് വീരബലിദാനിയായത്. ഇവിടെ നിന്ന് ബ്രിട്ടീഷ് പട്ടാളം പഴശ്ശിയുടെ ഭൗതികദേഹം സബ് കളക്ടര്‍ ടി.എച്ച് ബാബറുടെ മഞ്ചലിലാണ് മാനന്തവാടിയിലേക്ക് കൊണ്ടുവന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ വീരപഴശ്ശിക്ക് ഒളിയുദ്ധത്തില്‍ ശക്തമായ പിന്തുണ നല്‍കിയ കുറിച്യ വിഭാഗത്തില്‍പ്പെട്ട യോദ്ധാവാണ് തലക്കര ചന്തു. എന്നാല്‍ പനമരത്തെ ബലിദാന ഭൂമിയില്‍ തലക്കര ചന്തുവിന് സ്മാരകം നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇന്നുവരെ കനിഞ്ഞിട്ടില്ല. ബ്രിട്ടീഷുകാരോട് പോരാടി വീരബലിദാനികളായ കണ്ണവത്ത് നമ്പ്യാര്‍ക്കും അദ്ദേഹത്തിന്റെ മകനും ഉചിത സ്മാരകമില്ല. ധീരദേശാഭിമാനികള്‍ പുതുതലമുറയ്ക്ക് മാര്‍ഗ്ഗദീപങ്ങളാണ്. ഇവരുടെ സ്മരണകള്‍ കെടാതെ നിലനിര്‍ത്തേണ്ടതിന് പകരം അവഗണിക്കരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.