ആശ്വാസവും പ്രതീക്ഷയുമേകി പരാതിപരിഹാരവേദി

Sunday 17 December 2017 12:45 pm IST

കാട്ടാക്കട: ജീവിത സായാഹ്നത്തില്‍ ആകെയുണ്ടായിരുന്ന വീടും മൂന്ന് സെന്റ് സ്ഥലവും കൈക്കലാക്കി മകള്‍ തിരിഞ്ഞു നോക്കാതെ പോയപ്പോള്‍ ഭക്ഷണത്തിനുപോലും വകയില്ലാതെ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുന്ന അമ്മയടക്കം മുന്നൂറോളം പരാതിക്കാരാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാരവേദിയിലെത്തിയത്. ജനങ്ങളുടെ പരാതികള്‍ ശ്രദ്ധാപൂര്‍വം കേട്ട ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും നേരിട്ട് വിശദീകരണം തേടുകയും അടിയന്തര നടപടികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
വേദിയില്‍ പരിഹരിക്കാനാവാത്ത പരാതികളായിരുന്നു കളക്ടര്‍ക്കു മുന്നിലെത്തിയവയിലേറെയും. മകള്‍ ഉപേക്ഷിച്ച സഹായവസന്തയുടെ പരാതി മെയിന്റനന്‍സ് ട്രിബ്യൂണല്‍ ആക്ട് പ്രകാരം അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണുമെന്ന് അവരെ അറിയിച്ചതു പോലെ പരാതിക്കാര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്ന നടപടികളിലൂടെ അദാലത്ത് വേറിട്ടതായി.
വിവിധ വകുപ്പുകള്‍ക്കായി പ്രതേ്യകം സജ്ജീകരിച്ച 31 കൗണ്ടറുകളിലൂടെ 300 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 100 അപേക്ഷകള്‍ വേദിയില്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന പരാതികളിന്മേല്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനായി തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ പരിഹാരസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്നും അതനുസരിച്ച് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ ജില്ലാ വികസനസമിതികളിലും ഈ അപേക്ഷകളുടെ പുരോഗതി വിലിയിരുത്തും. ഡി.ഡി.സി കളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശം നല്‍കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.