കമല്‍നാഥിനു നേരെ തോക്കു ചൂണ്ടിയ കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

Sunday 17 December 2017 2:46 am IST

കമൽ നാഥ്

ഭോപ്പാല്‍ : മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനു നേരെ തോക്ക് ചൂണ്ടിയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിന് ഛിന്ദ്‌വാഡ വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാനെത്തിയപ്പോഴാണ് കോണ്‍സ്റ്റബിള്‍ രത്‌നേഷ് പവാര്‍ കമല്‍നാഥിനു നേരെ തോക്ക് ചൂണ്ടിയത്.

ഇതിനെതുടര്‍ന്ന് കമല്‍നാഥും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും പരിഭ്രാന്തരായി. സുരക്ഷാ ഉദ്യോഗസ്ഥരെത്തി പവാറിനെ വളയുകയും ചെയ്തു. സംഭവത്തിനുശേഷം പോലീസ് കമല്‍നാഥിന്റെ ആരോഗ്യപരിശോധന നടത്തിയശേഷമാണ് വിട്ടയച്ചത്. ഉടന്‍ തന്നെ കോണ്‍സ്റ്റബിളിനെ ചോദ്യം ചെയ്ത് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ജോലിയില്‍ ഇരിക്കേ പിതാവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് ആശ്രിത നിയമ പ്രകാരം പവാര്‍ പോലീസില്‍ നിയമിതനായത്.

തോക്ക് ഒരു തോളില്‍ നിന്ന് മറ്റേതിലേക്ക് മാറ്റുന്നതിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന വിശദീകരണം. അതേസമയം സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടത്തിയശേഷം തയ്യാറാക്കുമെന്ന് അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് നീരജ് സോണി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.