വന്‍വികസന പദ്ധതികളുമായി മോദി മിസോറാമില്‍

Sunday 17 December 2017 2:47 am IST

ന്യൂദല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ വികസനങ്ങള്‍ക്ക് വഴി തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറാമിലെ തുയ്‌രിയാലില്‍ 60 മെഗാവാട്ട്‌ഹൈഡ്രോ ഇലക്ട്രക് പവര്‍ പ്രോജക്ടിനു(എച്ച്ഇപിപി) തുടക്കം കുറിച്ചു. പദ്ധതി നടപ്പിലാവുന്നതോടെ മിസോറാം ഉള്‍പ്പടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള പുത്തന്‍ പാതയാവും തുറക്കുക. ഇതോടെ ഈ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെല്ലാം രാജ്യത്തിന്റെ റെയില്‍ മാപ്പില്‍ ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതിയും ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങളുടെ കുറവാണ് വികസനത്തിന് തടസം. റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം ഐസ്വാളില്‍ അറിയിച്ചു. 1385 കിലോമീറ്റര്‍ നീളത്തില്‍ 15 പുതിയ റെയിലുകള്‍ നിര്‍മിക്കാനും കേന്ദ്രം പദ്ധതി തയ്യാറാക്കി വരികയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 150ഓളം മന്ത്രിമാര്‍ പ്രദേശത്ത് ഇതുവരെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1998ല്‍ വാജ്‌പേയി സര്‍ക്കാര്‍ ഈ പദ്ധതിക്ക് രൂപം നല്‍കിയതാണ്. അതിനുശേഷം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പദ്ധതി നീന്നുപോയതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുയ്‌രിയാല്‍ നദിയിലുള്ള പദ്ധതി വൈദ്യുതി ഉത്പ്പാദനത്തിനു ശേഷം അണക്കെട്ടിലെ ജലം മറ്റു പദ്ധതികള്‍ക്കായും പ്രയോജനപ്പെടുത്താവുന്നതാണ്. തുയ്‌രിയാല്‍ എച്ഇപിപി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ സെന്‍ട്രല്‍ സെക്ടര്‍ പ്രോജക്ടിന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ്(എന്‍ഇഇപിസിഒ) നിര്‍മിക്കുന്നത്. പദ്ധതി 1998ല്‍ അംഗീകാരം നല്‍കി, 2006 ജൂലൈയില്‍ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചതാണ്. 30 ശതമാനം നിര്‍മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയശേഷം പ്രാദേശിക ഭരണകൂടത്തിന്റെ കുഴപ്പങ്ങള്‍ മൂലം 2004ല്‍ പദ്ധതി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.