കൃഷ്ണന്‍ മഥുരയില്‍

Sunday 17 December 2017 2:45 am IST

ഉച്ച തിരിഞ്ഞ നേരം. അക്രൂരനും രാമകൃഷ്ണന്മാരും മഥുരയിലെത്തി. ഏറെ കഴിയും മുന്‍പേ, നന്ദഗോപരും മറ്റു ഗോപന്മാരും എത്തിച്ചേര്‍ന്നു. കംസനെ വിവരമറിയിക്കാന്‍ പറഞ്ഞു കൃഷ്ണന്‍. അന്നേരം അക്രൂരന്‍ എല്ലാവരേയും തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. കൃഷ്ണനപ്പോള്‍ പറഞ്ഞു: അമ്മാവാ. വന്നകാര്യം സാധിച്ചതിനുശേഷം ഞങ്ങള്‍ അങ്ങയുടെ ഭവനത്തിലെത്തും. ഇപ്പോള്‍ അങ്ങ് ഞങ്ങള്‍ വന്നകാര്യം മഹാരാജനെ അറിയിച്ചാലും. കിളിപ്പാട്ടില്‍ ആ രംഗം ഇങ്ങനെ-
ചെന്നു മുകുന്ദനും രാമനുമൊന്നിച്ചു
വന്ദിച്ചു നന്ദഗോപന്‍ പദ പങ്കജേ
നന്ദനുമേറ്റമാശീര്‍വാദവും ചെയ്തു
നന്ദന്മാരെയാശ്ലേഷിച്ചിതന്നേരം
കേശവനക്രൂരനോടരുള്‍ ചെയ്തിത-
ങ്ങാശു ഗമിക്ക മുമ്പേ കംസസന്നിധൗ
വൃത്താന്തമെല്ലാമറിയിച്ചു നിന്‍ ഗൃഹം
അത്തലെന്യേ പുക്കു വാണീടുകെങ്ങളും
സൂര്യോദയേ മഥുരയ്ക്കകം പുക്കീടും
കാര്യങ്ങള്‍ പിന്നേതു കാലവശംപോലെ
വന്നീടുമെന്നതും കേട്ടൊരക്രൂരനും
ഖിന്നതയോടു ചൊന്നാനെന്‍ ഗൃഹത്തിങ്കല്‍
ഇന്നു നീയങ്ങു വന്നീടുക മാധവ
ഭക്തിപൂണ്ടക്രൂരനിത്തരം ചൊല്ലിയ
തുത്തമ പൂരുഷന്‍ കേട്ടോരനന്തരം
ഉത്തമന്‍ നീയെന്നറിഞ്ഞിരിക്കുന്നുമേ
കംസന്റെ കാര്യാര്‍ത്ഥമായ് വന്ന ഞാനിന്നു
കംസനെക്കണ്ടന്യമന്ദിരേ ചെല്ലണം
അല്ലായ്കിലങ്ങുമിങ്ങും നല്ലതല്ലിതു
നല്ലനാം നിങ്കലെന്‍ കാരുണ്യമുണ്ടെടോ…
‘അതു തന്നെയാണ് ശരി എന്ന് അക്രൂരനു തോന്നി, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ഉവ്വ്. അതിന്‍ പ്രകാരം, വന്നകാര്യമറിയിക്കാന്‍, അക്രൂരന്‍ കംസന്റെ അരികിലേക്ക് പോയനേരം, പട്ടണത്തിനുപുറത്തുള്ള ഉപവനത്തില്‍ നന്ദരാജനേയും മറ്റു ഗോപജനങ്ങളെയും വിശ്രമിക്കാന്‍ വിട്ട് കൃഷ്ണനും രാമനും പട്ടണം കാണാനിറങ്ങി. ഏതാനും ഗോപന്മാര്‍ കൂടെയുണ്ടായിരുന്നു. ഭാഗവതത്തിലിങ്ങനെ-
അഥാപരാഹ്നേ ഭഗവാന്‍ കൃഷ്ണഃ സങ്കര്‍ഷണാന്വിതഃ
മഥുരാം പ്രാവിശദ് ഗോപൈര്‍ ദിദുക്ഷുഃ പരിവാരിതഃ
അന്നേരമാണ് കൊട്ടാരത്തിലെ രജകന്‍ ഭൃത്യന്മാരെക്കൊണ്ട് വസ്ത്രക്കെട്ടുകള്‍ എടുപ്പിച്ച് ആ വഴി വരുന്നത്. തങ്ങളുടെ വസ്ത്രങ്ങള്‍ ഏറെ മുഷിഞ്ഞിരുന്നു. അതുകാരണം, കൃഷ്ണന്‍ അയാളുടെ അരികെ ചെന്നു പറഞ്ഞു: സ്‌നേഹിതാ, ഞങ്ങള്‍ക്ക് ധരിക്കാന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ തന്നാലും. ഞങ്ങളുടെ വസ്ത്രങ്ങള്‍ കണ്ടോ? വല്ലാതെ മുഷിഞ്ഞിരിക്കുന്നു…
കഞ്ചന്നു ചേല വെളുപ്പിക്കും ദാസനും
ചെഞ്ചെമ്മേ ചൊല്ലിനാനെന്ന നേരം
രാജാവ് ചാര്‍ത്തുന്ന ചേലകള്‍ കോലുക
ആയമാരായോര്‍ക്കു ഞായമല്ലാ
ബാലന്മാര്‍ ചൊല്ലുന്ന വാര്‍ത്തയെന്നോര്‍ത്തു ഞാന്‍
ചാലെപ്പൊറുക്കുന്നേനെന്നിങ്ങനെ
കേട്ടൊരു നേരത്തു കേശവന്‍ ചൊല്ലിനാന്‍
വാട്ടമകന്നൊരു വാര്‍ത്തയപ്പോള്‍
രാജാവിന്‍ചേലകളായന്മാര്‍ കോലുക
ആചാരമല്ലന്മാനെന്തുമൂലം?
നിങ്ങള്‍ക്കു രാജാവു കഞ്ചന്താനെങ്കിലോ
ഞങ്ങള്‍ക്കു രാജാവ് ഞങ്ങള്‍ തങ്ങള്‍
രജകനു ദേഷ്യം വന്നു: വെറും കാടന്മാരായ നിങ്ങള്‍ ദിവസേന ഇവ്വിധമുള്ള രാജകീയ വസ്ത്രങ്ങളാണോ ധരിക്കാറ്? വന്നുവന്ന് ധിക്കാരം ഈയളവിലായോ?
ആവതല്ലാത്തതു നീ പറഞ്ഞീടിനാല്‍
നാവരിഞ്ഞീടുവാന്‍ തേറിനാലും
ഇങ്ങനെ ചൊന്നവന്‍ നിന്നൊരു നേരത്തു
നന്ദതനൂജനണഞ്ഞു ചെമ്മേ
കൈത്തലം കൊണ്ടവന്‍ നല്‍ചെവി ചാരത്തു
സല്‍ക്കരിച്ചീടിനാനൊന്നുമെല്ലെ.
‘ഭാഗവതത്തില്‍ അവന്റെ ശിരസ്സുനുള്ളി താഴെയിട്ടു എന്നല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘അതെ-‘ മുത്തശ്ശന്‍ ഓര്‍ത്തെടുത്തു: കരാഗ്രേണ ശിരഃ കായാദ പാതയത്…
അതോടെ അവന്റെ ഭൃത്യന്മാര്‍ വസ്ത്രക്കെട്ടുകള്‍ താഴെയിട്ട് ജീവനുംകൊണ്ടോടി; രക്ഷപ്പെട്ടു. കൃഷ്ണന്‍ ആ ഭാണ്ഡങ്ങളില്‍ നിന്ന് തനിക്കുവേണ്ടി ഒരു മഞ്ഞപ്പട്ടും ഉത്തരീയവും എടുത്തു; രാമനാവട്ടെ, ഒരു നീലപ്പട്ടും അതിനു ചേര്‍ന്ന ഉത്തരീയവും. അവര്‍ അടുത്തുള്ള പൂക്കടയിലേക്ക് ചെന്നു.
മാലകള്‍ നിര്‍മിച്ചു പോരുന്നോന്തന്നുടെ
യാലയം തന്നിലും ചെന്നു പിന്നെ
മാലകള്‍കൊണ്ടും നല്‍പൂവുകള്‍കൊണ്ടുമായ്
ചാലവിളങ്ങിനാന്‍ രണ്ടുപേരും
പിന്നെയവര്‍ നേരെ നല്‍വഴി തന്നുടെ
മുന്നമെപ്പോലെ നടന്ന നേരം
അബ്ജത്തെ വെല്ലുന്നോരാനനമാണ്ടൊരു
കുബ്ജ വരുന്നതു കാണായപ്പോള്‍
കുറിക്കൂട്ടുകളുടെ പാത്രം എടുത്തവളും കൂനുണ്ടെങ്കിലും പരമസുന്ദരിയും യൗവനയുക്തയും- എന്നാണ് അവളെക്കുറിച്ച് ഭാഗവതത്തില്‍ പറയുന്നത്:
സ്ത്രിയം ഗൃഹീതാംഗ വിലേപഭാജനം
വിലോക്യ കുബ്ജാം യുവതിം വരാനനാം
അന്തഃപുര ജനങ്ങള്‍ക്ക് കുറിക്കൂട്ടുമായി കൊട്ടാരത്തിലേക്ക് പോവുകയായിരുന്നു അവള്‍. കിളിപ്പാട്ടില്‍ ആ രംഗം അവതരിപ്പിക്കുന്നതെങ്ങനെയെന്നു കേള്‍ക്കട്ടെ…..
മുത്തശ്ശി ചൊല്ലി-
മംഗലഗാത്രിയായോരു തരുണിയു-
മംഗരാഗം നല്ല പാത്രത്തില്‍ വെച്ചിട്ടു
മന്ദം നടന്നുവരുന്നതവള്‍ മുതു-
തന്നിലുമുണ്ടു വലുതായൊരു കൂനും
ഇങ്ങനെ വന്ന തരുണിയോടിത്തരം
മംഗലന്‍ നാരായണന്‍ പരന്‍ ചോദിച്ചു
അംഗനമാര്‍ മണിമൗലേ നീയാരെടോ
മംഗലമാം കുറിക്കൂട്ടിതാര്‍ക്കുള്ളത്?
അംഗരാഗമിതു ഞങ്ങള്‍ക്കു നല്‍കുകില്‍
മംഗലം വന്നുകൂടും നിനക്കിപ്പൊഴേ
നന്ദിച്ചു ചൊല്ലിനാളന്നേരമങ്ങവള്‍
സുന്ദരമൂര്‍ത്തേ ഞാന്‍ സൈരന്ധ്രിയാകുന്നു
നാമം ത്രിവക്രയെന്നാകുമറിഞ്ഞാലും…
‘കൃഷ്ണഭക്തയായ ഈ ത്രിവക്രയ്ക്ക് ഗര്‍ഗഭാഗവതത്തില്‍ ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്, ഇല്ലേ?’ മുത്തശ്ശി ചോദിച്ചു.
‘ഉവ്വ്-‘ മുത്തശ്ശന്‍ തുടര്‍ന്നു: ‘ഇടത്തോട്ടു പിരിഞ്ഞ കഴുത്തും കൂനുള്ള പുറവും, വെറുങ്ങലിച്ച കാലുകളുമുള്ള ത്രിവക്ര എന്ന രാജസ്ത്രീ. കൃഷ്ണനെപ്പറ്റി അവള്‍ കേട്ടിട്ടുണ്ട്. അവളുടെ മനസ്സില്‍ ഒരാഗ്രഹമുണ്ട്: കൃഷ്ണനെ ഒന്നു കാണണം. എന്തിനെന്നല്ലേ? അവളുടെ കൂന് നിവര്‍ന്നു കിട്ടാന്‍; കാലിന്റെ വെറുങ്ങലിപ്പ് മാറിക്കിട്ടാന്‍; കഴുത്ത് നേരെയാക്കി നിറുത്താന്‍…. അദ്ഭുത ശക്തിയുള്ളയാളല്ലേ കൃഷ്ണന്‍? ഗോവര്‍ധനം കുടയാക്കി ഏഴു ദിവസം ഗോകുലവാസികളെ രക്ഷിച്ചുനിര്‍ത്തിയവനല്ലേ? അദ്ദേഹത്തെ കണ്ടാല്‍ തന്റെ സങ്കടം പറയാമായിരുന്നു. അദ്ദേഹത്തിനു അറിയാമായിരിക്കും: ദിവ്യദൃഷ്ടിയുള്ള ആളല്ലേ? താന്‍ വരദയായിരുന്നു. അതിസുന്ദരിയായ താന്‍ കൊട്ടാരത്തിലെ മഹാമാത്രന്‍ അംഗാരകന്റെ പത്‌നിയായിരുന്നു…

ഫോണ്‍: 0487 2334516

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.