ഓഖി ചുഴലിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് ധിക്കാരപരം: ബിജെപി

Saturday 16 December 2017 8:52 pm IST

പാലക്കാട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്കുനേരെ സംസ്ഥാന സര്‍ക്കാര്‍ ധിക്കാരപരമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു.
ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ദുരിതമനുഭവിക്കുന്ന തീരദേശത്തെ മഹിളകളെ അപമാനിച്ച ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഗവണ്‍മെന്റ് കുറ്റകരമായ അനാസ്ഥയാണ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടായ ദുരന്തങ്ങള്‍ക്ക് നേരെ നടത്തിയത്. മുഖ്യമന്ത്രിയുടെ വിളിപ്പാട് അകലെയുള്ള പൂന്തുറ കടപ്പുറത്ത് ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും അതില്‍അകപ്പെട്ട കുടുംബാംഗങ്ങളെ കാത്ത്‌സൂക്ഷിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞില്ല. ഒരിക്കലും പൊതുസമൂഹത്തിനു സ്വീകാര്യമായ നിലപാടുകളല്ല സര്‍ക്കാര്‍ എടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കടപ്പുറത്തെ മത്സ്യത്തൊഴിലാളികളോട് യുദ്ധപ്രഖ്യാപനമാണ് സര്‍ക്കര്‍ നടത്തിയത്. മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും പാവപ്പെട്ടവനോട് കാട്ട്‌നീതി പ്രഖ്യാപിക്കുന്ന നിലപാടുകളാണെടുത്തത്. എല്ലാം നഷ്ടപ്പെട്ടവരെ സാന്ത്വനപ്പെടുത്തുന്നതിന് പകരം ഭരണത്തിന്റെ ഹുങ്കും അഹങ്കാരവും ഉപയോഗപ്പെടുത്തിയുള്ള നിലപാടുകളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ബിന്ദു.കെ.എം അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമിളശശിധരന്‍, സംസ്ഥാന സമിതി അംഗം രുഗ്മണി ടീച്ചര്‍, ജില്ല വൈസ് പ്രസിഡണ്ട് എ.സുകുമാരന്‍മാസ്റ്റര്‍, ജില്ല വൈസ് പ്രസിഡണ്ട് എം.അജിതാമേനോന്‍, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ഗീതാകുമാരി, ടി.ബേബി, ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ശാന്താദേവി, മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം പ്രസിഡണ്ട് പ്രിയ അജയന്‍, ഭാരവാഹികളായ സൗദാമിനി സി മേനോന്‍, ഷീബ, അശ്വതി മണികണ്ഠന്‍, സിനി മനോജ്, കൗണ്‍സിലര്‍മാരായ ടി.എസ്.മീനാക്ഷി, കെ.എസ്.ഗംഗ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.