ദുരിതക്കയത്തില്‍ കാലിടറി നാലംഗ കുടുംബം

Saturday 16 December 2017 9:02 pm IST

 

 

ചെറുതോണി: 10 വര്‍ഷമായി വീടിന് അപേക്ഷിച്ചിട്ടും വീട് ലഭിക്കാതായതോടെ ബധിരനായ അച്ഛനും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ദുരിത ജീവിതം നയിക്കുന്നു. കഞ്ഞിക്കുഴി പുന്നയാര്‍ സ്വദേശി കരിമ്പാനിക്കണ്ടത്തില്‍ ചാക്കോയും ഭാര്യയും രണ്ട് പെണ്‍മക്കളും അടച്ചുറപ്പുള്ള ഒരു വീടിനായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല.
ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ ജീര്‍ണ്ണിച്ചതാണ് ഇപ്പോഴുള്ള വീട്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അപേക്ഷ നല്‍കിയിട്ടും യാതൊരു കാരണവും കൂടാതെ അപേക്ഷ നിരസിക്കുകയായിരുന്നുവെന്ന് ചാക്കോ പറയുന്നു.
പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന പെണ്‍മക്കളായ ഷെല്ലിയും ഷെറിനും ബിരുദം പൂര്‍ത്തിയാക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിനാല്‍ തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല. അമ്മ ലിസിക്ക് തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പുതിയതായി പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 3-ാമത് എത്തിയെങ്കിലും ചിലരുടെ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഫലമായി ലിസ്റ്റില്‍ നിന്ന് പേര് മാറ്റുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് വരെ വീട് അനുവദിക്കുമ്പോഴും അര്‍ഹതപ്പെട്ട നിരവധിപ്പേരാണ് ഒരു വീടെന്ന സ്വപ്നത്തില്‍ കാത്തിരിക്കുന്നത്.
ഒരു വീടിനായി ഇനി ആരെ സമീപിക്കണമെന്നറിയാതെ നില്‍ക്കുകയാണ് ഈ കുടുംബം. അര്‍ഹതപ്പെട്ടവരുടെ ഒരു വീടെന്ന സ്വപ്നമാണ് ഇവിടെ അധികാരികള്‍ ഇല്ലാതാക്കുന്നതെന്ന ആരോപണവും ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.