രണ്ട് ബോട്ടുകള്‍ കൂടി തിരിച്ചെത്തി; മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

Sunday 17 December 2017 2:05 am IST

പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിന് മുന്‍പ് കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി കാണാതായ രണ്ട് ബോട്ടുകള്‍കൂടി ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തി. ഗോഡ്‌സ് ഗിഫ്റ്റ്, ഷഫ്‌ന എന്നീ ബോട്ടുകളാണ് 21 തൊഴിലാളികളുമായി കൊച്ചി ഹാര്‍ബറില്‍ എത്തിയത്. ഇരു ബോട്ടുകളും മത്സ്യവുമായാണ് എത്തിയത്. കൊച്ചിയില്‍ നിന്നും 700 നോട്ടിക്കല്‍ മൈല്‍ അകലെ മഹാരാഷ്ട്ര വടക്ക് ഭാഗത്തായാണ് ഇവര്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടത്. കൊച്ചിയില്‍ നിന്നും പോയ ആറ് ബോട്ടുകള്‍ കുടി ഈ മേഖലയില്‍ പണിയെടുക്കുന്നതായി ഇന്നലെ എത്തിയ ഗോഡ്‌സ് ഗിഫ്റ്റിലെ തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ബോട്ടുകള്‍ ഏതൊക്കെ എന്ന് വ്യക്തമല്ല. ഇനി 13 ബോട്ടുകളുടെയും 140 തൊഴിലാളികളുടെയും വിവരങ്ങളാണ് ലഭിക്കാനുള്ളത്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹാര്‍ബറുകളില്‍ കയറിയ അഞ്ച് ബോട്ടുകളും 60 തൊഴിലാളികളും കൊച്ചിയില്‍ എത്തി. അസ്മിത, യഹോവ, നായകി, ഇന്‍ഫന്റ് ദാസ്, അരുള്‍ ജ്യോതി എന്നീ ബോട്ടുകളാണ് എത്തിയത്. മൃതദേഹങ്ങളും ബോട്ടുകളും ഒഴുകി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചലിന് കൊച്ചിയില്‍ നിന്നും മത്സ്യതൊഴിലാളികളുമായി പോയ എട്ട് ബോട്ടുകള്‍ 23 ഓടെ തിരിച്ച് എത്തും.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നിലവിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അസോസിയേഷന്‍ ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരത്താണ് ചര്‍ച്ച. ഇന്നലെ അസോസിയേഷന്‍ ഭാരവാഹികളുമായി ഐജി ചര്‍ച്ച നടത്തി. ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെടുന്നതും തിരികെ എത്തുന്നതുമായ ബോട്ടുകളുടെ വിവരങ്ങള്‍ അതാത് ദിവസങ്ങള്‍ രജിസ്റ്ററായി രേഖപ്പെടുത്താന്‍ ധാരണയായി. അസോസിയേഷന്‍, പോലീസ്, ഫിഷറിസ് വകുപ്പ് എന്നിവര്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഇത് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി കൊച്ചി ഹാര്‍ബറില്‍ അടിയന്തിരമായി യോഗം വിളിക്കുമെന്ന് ലോംഗ് ലൈന്‍ ബോട്ട് ഓണേഴ്‌സ് ആന്റ് ബയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.