അടിസ്ഥാന സൗകര്യങ്ങളില്ലാതെ സത്രം പാത; വലഞ്ഞ് തീര്‍ത്ഥാടകര്‍

Sunday 17 December 2017 2:45 am IST

പീരുമേട്: സത്രം പാതയില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് ശബരിമല തീര്‍ത്ഥാടകരെ വലയ്ക്കുന്നു. ദിവസവും 250ലധികം തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പാതയില്‍ ശൗചാലയവും കുടിവെള്ള സൗകര്യവും പേരിന് മാത്രം. രാത്രിയായാല്‍ ദേവസ്വം ബോര്‍ഡിന്റെ വിരിഷെഡ് കന്നുകാലികളുടെ വാസ സ്ഥലമാകുന്നു.

വണ്ടിപ്പെരിയാറില്‍നിന്ന് 13 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ സത്രത്തിലും ഇവിടെനിന്ന് 12 കിലോമീറ്റര്‍ നടന്നാല്‍ സന്നിധാനത്തും എത്താം. സീസണില്‍ ഇന്നലെ വരെ പതിനയ്യായിരത്തിന് മുകളില്‍ തീര്‍ത്ഥാടകരാണ് ഇതുവഴി കടന്ന് പോയത്. സത്രത്തില്‍ രണ്ട് ചെറിയ തകരഷെഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ല. പലകപാകി നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും വെറും തറ മാത്രം. മഞ്ഞും മഴയുമായതിനാല്‍ ഇവര്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന വിരിപ്പന്തലുകളെയാണ് ആശ്രയിക്കുന്നത്. ഇവിടെ 40 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും മറ്റുമായി ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക്മുമ്പ് നിര്‍മ്മിച്ച അഞ്ച് ശൗചാലയങ്ങള്‍ മാത്രം.

സത്രത്തിനും സന്ധിധാനത്തിനുമിടയ്ക്ക് നാല് ഇടങ്ങളില്‍ മാത്രമാണ് കുടിവെള്ളം കിട്ടുക. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കൊണ്ടുപോകാന്‍ അനുവാദമില്ല. സത്രത്തില്‍നിന്ന് പുല്ലുമേട് വരെ രണ്ട് കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ഇവിടെനിന്ന് വനത്തിലൂടെ വേണം സന്നിധാനത്തെത്താന്‍. വനംവകുപ്പിന്റെ ഭക്ഷണശാല പുല്ലുമേട്ടില്‍ മാത്രമാണ്. ഉച്ചയ്ക്ക് രണ്ട്മണി കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം ലഭിക്കാറില്ല.

പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും എഴുതി വരുമ്പോഴേയ്ക്കും സമയം ഏറെ പോകുന്നതും തീര്‍ത്ഥാടകരെ വലയ്ക്കുന്നുണ്ട്. ഹോട്ടലുകളില്‍ വിലവിവരം രേഖപ്പെടുത്തുന്നുമില്ല. ക്ഷേത്രത്തിന് സമീപമുള്ള തോട്ടില്‍ തടയണ നിര്‍മ്മിച്ചിടത്താണ് തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് സ്വകാര്യ വ്യക്തികള്‍ കലക്കിവിടുന്നതിനാല്‍ ഇവരെതന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.