ഓഖി; സാന്ത്വനമായി മോദിയെത്തും

Sunday 17 December 2017 2:50 am IST

ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകളിലേക്ക് സാന്ത്വനത്തിന്റെ കുളിര്‍ കാറ്റായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഉറ്റവരുടെയും ഉടയവരുടെയും അകാല വേര്‍പാടില്‍ മനംനൊന്ത് തേങ്ങുന്നവര്‍ക്ക് ആശ്വാസമേകാന്‍ ചൊവ്വാഴ്ചയാണ് മോദി എത്തുന്നത്.

നാളെ അര്‍ധരാത്രി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപ്, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മിസോറാം സന്ദര്‍ശനത്തിനിടെയാണ് ഓഖി ദുരന്ത മേഖലയിലേക്ക് പോകാനുള്ള തീരുമാനം കേരളം, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളെ മോദി അറിയിച്ചത്. രാത്രി 12.15ഓടെ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, ചൊവ്വാഴ്ച രാവിലെ 7.30ന് അഗത്തിയിലേക്ക് തിരിക്കും. രാവിലെ 10ന് കവരത്തിയില്‍ ദുരന്തബാധിതരുമായി കൂടിക്കാഴ്ച. ഉച്ചതിരിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി ഹെലിക്കോപ്റ്ററില്‍ കന്യാകുമാരിക്ക് പോകും. മുഖ്യമന്ത്രി പളനിസ്വാമി അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. 2.45ന് കന്യാകുമാരിയില്‍ ദുരന്തബാധിതരെ സന്ദര്‍ശിക്കും.

വൈകിട്ട് 4.45ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി അഞ്ചിന് പൂന്തുറയില്‍ തീരദേശത്തെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും, ലത്തീന്‍ സഭാ മേലധികാരികളും മറ്റു ജനപ്രതിനിധികളും സന്നിഹിതരാകും. വൈകിട്ട് 6.05ന് ദല്‍ഹിയിലേക്ക് മടങ്ങും.

ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി ദുരന്തബാധിത മേഖലകളിലെത്തുന്നത്. ദുരന്തമേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭ അടക്കം ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ സന്ദര്‍ശന വേളയിലും ഈയാവശ്യം ഉയര്‍ന്നിരുന്നു. തമിഴ്‌നാടും പ്രധാനമന്ത്രി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.