മോദി മാത്രം; ടൈംസ് സർവെയിലും ഒന്നാമൻ

Sunday 17 December 2017 2:49 am IST

ന്യൂദല്‍ഹി: ആരാണ് നേതാവെന്ന് ചോദിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് പറയാന്‍ ഒരു പേരേയുള്ളു, നരേന്ദ്ര ദാമോദര്‍ദാസ് മോദി. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനെന്ന് വ്യക്തമാക്കിയത് ടൈംസ് ഓഫ് ഇന്ത്യ സര്‍വെ.

മറ്റു നേതാക്കളാരും മോദിയുടെ ഏഴയലത്ത് എത്തില്ലെന്ന് ടൈംസിന്റെ മെഗാ ഓണ്‍ലൈന്‍ സര്‍വെ തെളിയിക്കുന്നു. ഈ മാസം 12 മുതല്‍ 15 വരെ 72 മണിക്കൂറിനുള്ളില്‍ ഒന്‍പതു ഭാഷകളിലായാണ് സര്‍വെ നടത്തിയത്. അഞ്ചു ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചു.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 79 ശതമാനം പേര്‍ക്കും മോദിയെയാണ് ഇഷ്ടം. 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദി വന്‍വിജയം കൈവരിക്കുമെന്നും അവര്‍ ഉറപ്പിക്കുന്നു.

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയുടെ പേരില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിയെന്നതിന്റെ തെളിവു കൂടിയാണ് സര്‍വെ. 20 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത്. 58 ശതമാനം പേര്‍ക്ക് രാഹുലില്‍ താത്പര്യവുമില്ല. വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാന്‍ രാഹുലിന് കഴിഞ്ഞതായി 34 ശതമാനം പേര്‍ കരുതുന്നു.

രാഹുല്‍ അധ്യക്ഷനായതു കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്, ബിജെപിക്ക് ബദലല്ലെന്നാണ് 73 ശതമാനം പേരും വിശ്വസിക്കുന്നത്. മറ്റാരെങ്കിലും അധ്യക്ഷസ്ഥാനത്ത് വന്നാലും തങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 38 ശതമാനം പേരും പറയുന്നു. സോണിയ കുടുംബത്തില്‍ നിന്നല്ലാതെയൊരാള്‍ വന്നെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമായിരുന്നെന്ന് 37 ശതമാനം പേര്‍ പറയുന്നു.

മോദിയിെല്ലങ്കില്‍ തങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത് 31 ശതമാനം പേര്‍. എന്നാല്‍ ആരു നേതാവായാലും തങ്ങള്‍ ബിജെപിക്കു തന്നെ വോട്ട് ചെയ്യുമെന്ന് 48 ശതമാനം പേര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.