ദിവ്യജ്യോതി പ്രയാണം ഇന്ന് കോട്ടയത്ത്

Sunday 17 December 2017 12:00 am IST

കോട്ടയം: ശിവഗിരി മഹാസമാധി മന്ദിരത്തിലെ ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദിവ്യജ്യോതി പ്രയാണം ഇന്ന് കോട്ടയത്ത് എത്തിച്ചേരും.
ശിവഗിരിയിലെ മഹാസമാധിയില്‍ നിന്നും ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് വിശുദ്ധാനന്ദ സ്വാമികള്‍ പകര്‍ന്നു നല്‍കിയ ദിവ്യജ്യോതി വടക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലും പര്യടനം പൂര്‍ത്തിയാക്കി 3 ന് കോട്ടയത്ത് എത്തിച്ചേരും. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് എസ്.എന്‍.ഡി.പി യോഗത്തിന്റെ കോട്ടയം ജില്ലയിലെ എട്ടു യൂണിയനുകളുടെ സംയുക്ത സ്വീകരണമാണ് തിരുനക്കര മൈതാനിയിലെ എം.പി മൂത്തേടത്ത് നഗറില്‍ ഒരുക്കുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, മീനച്ചില്‍, ഹൈറേഞ്ച്, എരുമേലി എന്നീ യൂണിയനുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കോട്ടയത്ത് എത്തിച്ചേര്‍ന്ന് സ്വീകരണചടങ്ങില്‍ പങ്കെടുക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് വിശുദ്ധാനന്ദ സ്വാമി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കനകജൂബിലി സന്ദേശം നല്‍കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാഗതസംഘം രക്ഷാധികാരി എം.മധു അദ്ധ്യക്ഷനാകും. സ്വാഗതസംഘം ചെയര്‍മാന്‍ ബിനീഷ് പ്ലാത്താനത്ത്, ജനറല്‍ കണ്‍വീനര്‍ ആര്‍.രാജീവ്, എസ്.ഡി സുരേഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി ശ്രീനി ഈണം നേതൃത്വം നല്‍കുന്ന ഗുരുഗീതാമൃതം സംഗീതവിരുന്നും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.