വീട്ടുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ച് 55 പവന്‍ കവര്‍ന്നു

Sunday 17 December 2017 2:47 am IST

തൃപ്പൂണിത്തുറ: വായില്‍ തുണി തിരുകി വീട്ടിലുള്ളവരെ കെട്ടിയിട്ട് മര്‍ദ്ദിച്ച് 55 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു. എറണാകുളം തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ മോഷണം.

പതിനഞ്ചോളം ബംഗാളികളാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വില കൂടിയ മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും മോഷ്ടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അവശരായ വീട്ടുകാരെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചു. കവര്‍ച്ച നടന്ന സമയം ആനന്ദകുമാര്‍ (49), ഭാര്യ ഷാരി (46), ആനന്ദകുമാറിന്റെ അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക്, രൂപക് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു.

തുണി കൊണ്ട് മുഖം മറച്ചെത്തിയ മോഷ്ടാക്കള്‍ ഇരുനില വീടിന്റെ മുന്‍വശത്തെ ജനല്‍ കമ്പികള്‍ പൊളിച്ചു മാറ്റിയാണ് അകത്തു കടന്നത്. വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ഇവരെ വിറകിനും കമ്പിവടിക്കും മര്‍ദ്ദിച്ച് അവശരാക്കി. പിന്നീട്, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടി വായില്‍ തുണി തിരുകി മുറികളില്‍ പൂട്ടിയിട്ടു. ഷാരിയെ ബാത്ത് റൂമില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.

മുകള്‍ നിലയിലെ മുറിയില്‍ പൂട്ടിയിട്ടിരുന്ന രൂപക്, സ്വയം കെട്ടഴിച്ച് ഒച്ചവച്ചതിനെത്തുടര്‍ന്നാണ് പരിസരവാസികള്‍ എത്തിയത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ആനന്ദകുമാര്‍ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. തലയില്‍ എട്ടു തുന്നിക്കെട്ടുകള്‍ ഉണ്ട്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. റെയില്‍വേ ട്രാക്കിന് സമീപത്താണ് വീട്. ട്രെയിനിലാണ് സംഘം എത്തിയതെന്നാണ് സൂചന.

എറണാകുളം പുല്ലേപ്പടിയില്‍ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ മോഷണമാണ് തൃപ്പൂണിത്തുറയിലേത്. കൊച്ചി റേഞ്ച് ഐജി പി. വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, എസിപി ലാല്‍ജി, തൃപ്പൂണിത്തുറ എസ്‌ഐ എസ്. സനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.