ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം നല്‍കിയ 83.44 കോടി വകമാറ്റി

Sunday 17 December 2017 2:45 am IST

തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 83.44 കോടി ക്രമവിരുദ്ധമായി ചെലവാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം പരിതാപകരമെന്നു ചൂണ്ടിക്കാട്ടി ഏഴു മാസം മുമ്പ് സിഎജി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ഓഖിദുരന്തം വെളിവാക്കുന്നു.

അതോറിറ്റിക്ക് ആകെ അനുവദിച്ചത് 96.31 കോടി രൂപ. ഇതില്‍ നിന്നാണ് സംസ്ഥാനം 83.44 കോടി വകമാറ്റിയത്. ദുരന്തനിവാരണത്തിന് ഉപയോഗിക്കേണ്ട തുകയില്‍ അധികവും കുടിവെള്ളവിതരണത്തിനും കുടിവെള്ള പൈപ്പിടാനും ഉപയോഗിച്ചെന്നും സിഎജി കുറ്റപ്പെടുത്തുന്നു. 2.34 കോടിക്ക് വാങ്ങിയ ഹൈഫ്രീക്വന്‍സി ഹാം റേഡിയോ, റേഡിയോ സ്വീകരണി, കൊണ്ടുനടക്കാവുന്ന ജനറേറ്റര്‍ എന്നിവ കളക്ടറേറ്റുകളില്‍ കുന്നുകൂടി കിടക്കുന്നു. പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സിവില്‍ ഡിഫന്‍സ് പരിശീലന കേന്ദ്രത്തിനായി കേന്ദ്രം 4.21 കോടി അനുവദിച്ചു. കെട്ടിടം നിര്‍മ്മിച്ചതല്ലാതെ ഉപകരണങ്ങള്‍ വാങ്ങിയില്ല.

ദുരന്തനിവാരണസേനയ്ക്ക് കേന്ദ്രം അനുവദിച്ച 1.88 കോടിയില്‍ 1.79 കോടിയും ദുരന്തനിവാരണ അതോറിറ്റി മേധാവിയുടെ ട്രഷറി അക്കൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുന്നു. സംസ്ഥാന ബജറ്റില്‍ പോലും ദുരന്തനിവാരണത്തിന് തുക അനുവദിച്ചിട്ടില്ല. ദുരന്ത നിവാരണ ആക്ട് നിലവില്‍ വന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ദുരന്തനിവാരണ രൂപരേഖ തയാറാക്കിയിട്ടില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ സേന രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചു. അപകട സാധ്യത മേഖലാഭൂപടം അതോറിറ്റിയുടെ കൈവശമില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദഗ്ധരെ സംസ്ഥാനം നല്‍കിയിട്ടില്ല.

സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് തലങ്ങളിലെ ദുരന്തനിവാരണ സമിതികള്‍ പോലും രൂപീകരിച്ചിട്ടില്ല. എല്ലാ ആശുപത്രികളിലും ‘സര്‍വദുരന്ത പദ്ധതി’, വിദ്യാലയങ്ങളില്‍ ‘സുരക്ഷാ ക്ലബ്’ എന്നിവയും നടപ്പിലാക്കിയില്ല. ടോള്‍ ഫ്രീ നമ്പരായ 1077 പലപ്പോഴും ലഭ്യമല്ല. 24 മണിക്കൂറും മുന്നറിയിപ്പ് നല്‍കാനുള്ള സംസ്ഥാന അത്യാഹിതവിഭാഗം നിശ്ചലമാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ പ്രവര്‍ത്തിക്കേണ്ട 70 വിഎച്ച്എഫ് റേഡിയോസംവിധാനം പ്രവര്‍ത്തിക്കുന്നില്ല, റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു.

ദുരന്തങ്ങളോട് ശരിയായ വിധത്തില്‍ പ്രതികരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് കഴിയില്ലെന്നും സിഎജി റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, റവന്യൂ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് അവഗണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.