ഓഖി മുന്നറിയിപ്പ് പൂഴ്ത്തിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- പി.കെ. കൃഷ്ണദാസ്

Saturday 16 December 2017 10:20 pm IST

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാവുമെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് പൂഴ്ത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
തീരദേശ മഹിളകളെ അപമാനിച്ച മന്ത്രി മേഴ്‌സികുട്ടിയമ്മ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ എന്നിവരെ അപമാനിച്ച മന്ത്രി എം.എം. മണി മാപ്പുപറയുക, പട്ടികജാതി വനിതാ അംഗത്തെ അവഹേളിച്ച തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനം അറസ്റ്റ് ചെയ്യുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ദുരന്തമാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. കടലോരജനതയുടെ നരഹത്യയാണ് നടന്നത്. മുഖ്യമന്ത്രിയുടെ പേരില്‍ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന്‍ അര്‍ഹനല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍, പി. രമണിഭായ്, ബിന്ദു കുരുവട്ടൂര്‍, ബിന്ദു ചാലില്‍, അഡ്വ. പ്രിയ, ദീപ.ടി. മണി അനിത, കൗണ്‍സിലര്‍മാരായ ഷൈമ പൊന്നത്ത്, ജിഷാഗിരീഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീകണ്‌ഠേശ്വരത്ത് നിന്ന് ആരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.