പൈതൃകത്തെരുവ് ഉദ്ഘാടനം 23 ന് തന്നെ അക്രമം അംഗീകരിക്കില്ല; ഉദ്ഘാടനത്തിന് മുമ്പ് ചര്‍ച്ചയില്ല: മന്ത്രി

Saturday 16 December 2017 10:21 pm IST

കോഴിക്കോട്: ഒരു വിഭാഗം കച്ചവടക്കാരുടെ അതിക്രമം അംഗീകരിക്കില്ലെന്നും അത്ത രം നടപടികളെ നിയമപരമായി നേരിടുമെന്നും 23 ന് നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടന പരിപാടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍.
നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സംഘാടകസമിതി യോഗം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കാലത്ത് 8 മണിക്ക് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിഭാഗം വ്യാപാരികളാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. 23 ന് വൈകീട്ട് 7.30 ന് മുഖ്യമന്ത്രി പൈതൃക ത്തെരുവ് നാടിന് സമര്‍പ്പിക്കും. അതിന് മുമ്പ് വ്യാപാരികളുമായി ചര്‍ച്ച നടത്തില്ല.
കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണ് നടന്നത്.രാഷ്ട്രീയപരമായ ഭിന്നതകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതാണ് കോഴിക്കോടിന്റെ ചരിത്രം. നഗരം അറിയപ്പെടുന്ന ജനപ്രതിനിധികള്‍ക്കു നേരെയാണ് അതിക്രമം നടന്നത്. ഒരു കാരണവശാലും ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ല. ഉദ്ഘാടനപരിപാടി നടക്കട്ടെ, ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഡോ. മുനീര്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അതംഗീകരിക്കാതെ പ്രകോപനപരമായ നിലപാടുമായി ചിലര്‍ മുന്നോട്ട് പോവുകയാണുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടം കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായാണ് നവീകരണ പദ്ധതി നടപ്പാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ 7 കോടി രൂപ നവീകരണത്തിന് ചെലവഴിച്ചിട്ടുണ്ട്. ഇതെല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്തത്. കച്ചവടക്കാരും ജനങ്ങളുടെ ഭാഗമാണ്. അവരെ വേര്‍തിരിച്ചു കാണുന്നില്ല. മിഠായിത്തെരുവില്‍ കൂടുതല്‍ ജനങ്ങള്‍ എത്തേണ്ടതുണ്ട്. കച്ചവടക്കാരുടെയും ആവശ്യമാണ്. അതിനെതിരെയുള്ള നിലപാട് അംഗീകരിക്കാനാവില്ല.
മിഠായിത്തെരുവില്‍ വാഹന നിയന്ത്രണത്തെക്കുറിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിക്കും. മിഠായിത്തെരുവിന്റെ സംരക്ഷണവും ഗതാഗതവും കോര്‍പ്പറേഷന്റെ ചുമതലയിലാണ്. അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. എം.കെ. മുനീറിനെ കൈയേറ്റം ചെയ്യാനും മൈക്ക് തട്ടിപ്പറിക്കാനും ശ്രമം നടന്നു എംഎല്‍എ പ്രദീപ്കുമാര്‍ , മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ് എന്നിവരൊക്കെ പങ്കെടുത്ത യോഗമാണ് ചിലര്‍ അലങ്കോലപ്പെടുത്തിയത്.വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം നടത്തിയ പ്രകോപനപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പ്രവണതകള്‍. ഉദ്ഘാടനവുമായി മുന്നോട്ട് പോകും. ഒരു വിഭാഗം കച്ചവടക്കാര്‍ അവരുടെ നിലപാടില്‍ നിന്ന് പിന്തിരിയണം.
എല്ലാവരുടെയും ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പൈതൃകത്തെരുവായി സംരക്ഷിക്കാനുള്ള പരിശ്രമത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണം. അദ്ദേഹം പറഞ്ഞു. മന്ത്രിയെ കൂടാതെ, എംഎല്‍എ മാരായ ഡോ. എം.കെ.മുനീര്‍, എ. പ്രദീപ്കുമാര്‍, ജില്ലാ കലക്ടര്‍ യു.വി.ജോസ്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇതിനിടയില്‍ മിഠായിത്തെരുവിലെ ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളുടെ പേരില്‍ കടകള്‍ക്ക് മുമ്പില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.