പ്രൊഫഷണലുകളുടെ സേവനം പൊതുമേഖലയില്‍ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

Sunday 17 December 2017 2:45 am IST

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖാ സുവര്‍ണ ജുബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു ലൂക്കോസ് ജോസഫ്, ജേക്കബ് കോവൂര്‍, ജോര്‍ജ്ജ് അലക്‌സാണ്ടര്‍, നിലേഷ് എസ്.വികാംസേ, ബാബു എബ്രഹാം കള്ളിവയലില്‍, ജോമോന്‍ കെ.ജോര്‍ജ്ജ് എന്നിവര്‍ സമീപം

കൊച്ചി: പ്രൊഫഷണല്‍രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സേവനം നാടിനും സമൂഹത്തിനും പൊതുവായി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഒരു സംസ്‌കാരം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം നേരിടുന്ന പല പ്രതിസന്ധികള്‍ക്കും പ്രൊഫഷണലുകളുടെ കഴിവുകള്‍ കൂടി പ്രയോജപ്പെടുത്തുന്ന രീതി ഗുണകരമാണ്.

എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരമൊരു രീതി ഇല്ലാതെവരുന്നതും സ്വന്തം പ്രവര്‍ത്തനമേഖലയ്ക്ക് പുറത്ത് സമൂഹത്തിന് വേണ്ടി പ്രാഗല്‍ഭ്യം ഉപയോഗപ്പെടുത്തുന്ന രീതി പ്രൊഫഷണലുകള്‍ സ്വീകരിക്കാത്തതുമായ സാഹചര്യമാണ്. അത്തരമൊരു സംസ്‌കാരം നമ്മുക്ക് ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ആ സംസ്‌കാരത്തിന് മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളും വിവിധ സാമുഹ്യപ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രൊഫഷണലുകള്‍ക്ക് പല നല്ല കാര്യങ്ങളും നാട്ടില്‍ ചെയ്യാന്‍ കഴിയും എന്നതിന് ചെറിയൊരു ഉദാഹരണമാണ് ജനകീയാസൂത്രണം. പദ്ധതി തയ്യാറാക്കുന്നതില്‍ മാത്രമല്ല അതിന്റെ നിര്‍വ്വഹണരംഗത്തും പ്രൊഫഷണലുകളുടെ മികവ് ഉപയോഗപ്പെടുത്താന്‍ കഴിയും. മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ആര്‍.സി.സിയിലെ ക്യാന്‍സര്‍ ബാധിതരായ യുവാക്കള്‍ക്ക് വേണ്ടിയുള്ള ചികില്‍സാ പദ്ധതിയിലേക്കുള്ള ആദ്യ മാസഘഡുവായ ഒരു ലക്ഷം രൂപയുടെയും ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നാല് ലക്ഷം രൂപയുടെ സഹായവും ഐ.സി.എ.ഐ ശാഖ ചെയര്‍മാന്‍ ലൂക്കോസ് ജോസഫും സെക്രട്ടറി ജേക്കബ് കോവൂരും കൈമാറി.

സുവര്‍ണ ജൂബിലി സ്മാരക പോസ്റ്റല്‍ കവറിന്റെ പ്രകാശനവും രക്തദാനത്തിനുള്ള വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഐ.സി.എ.ഐ പ്രസിഡന്റ് നിലേഷ് എസ്. വികാംസേ അധ്യക്ഷത വഹിച്ചു. കേന്ദ്ര കൗണ്‍സിലംഗം ബാബു എബ്രഹാം കള്ളിവയലില്‍, റീജ്യണല്‍ കൗണ്‍സില്‍ അംഗം ജോമോന്‍ കെ. ജോര്‍ജ്, മൂത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍, ലൂക്കോസ് ജോസഫ്, ജേക്കബ് കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.