മത്സ്യപ്രവര്‍ത്തക സംഘം ഉപവാസം സമാപിച്ചു

Sunday 17 December 2017 2:45 am IST

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ് ബാബുവിന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: 65 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പ് മറച്ചുവച്ച് മത്സ്യത്തൊഴിലാളികളെ ദുരന്തത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യവിലോപം കാട്ടിയ ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2014 ലെ സുനാമി ദുരന്തത്തിന് അനുവദിച്ച പണം മുഴുവന്‍ വകമാറ്റി ചെലവഴിച്ചവരാണ് പുതിയ ദുരിതാശ്വാസ നിധിയെന്ന ചക്കരക്കുടത്തിനായി മുറവിളികൂട്ടുന്നത്. കുറ്റങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ തലയിലില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസത്തിന് നേതൃത്വം നല്‍കിയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ് ബാബുവിന് വി.മുരളീധരന്‍ നാരങ്ങാനീരു നല്‍കി ഉപവാസം അവസാനിപ്പിച്ചു.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ സംഘടനയുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് രജിനേഷ് ബാബു പറഞ്ഞു. ഉപവാസം അനുഷ്ഠിച്ച മറ്റ് സംസ്ഥാനനേതാക്കളായ കെ.ജി. രാധാകൃഷ്ണന്‍, പി.പി. സദാനന്ദന്‍, ഹരിഹരന്‍, പി.കെ.കുട്ടന്‍, സി.വി. അനീഷ്, പ്രജോഷ്, പ്രീജിത്, രാജു പരിമനം, രവി പൂന്തുറ എന്നിവര്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ നാരങ്ങാ നീരുനല്‍കി.

മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന നേതാക്കളായ ഉദയഘോഷ്, കെ.പുരുഷോത്തമന്‍ നേതാക്കളായ ഉണ്ണികൃഷ്ണന്‍, ബി.ശിവപ്രസാദ്, സുദര്‍ശന്‍, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.