കോണ്‍ഗ്രസില്‍ ഇനി 'രാഹു'ല്‍കാലം

Sunday 17 December 2017 2:46 am IST

ന്യൂദല്‍ഹി: അച്ഛന്‍ രാജീവ് ഗാന്ധിക്കും അമ്മ സോണിയാഗാന്ധിക്കും പിന്നാലെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയേറി രാഹുല്‍ഗാന്ധി. എഐസിസി ആസ്ഥാനത്ത് നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ പങ്കെടുത്തു. സ്വന്തം പാര്‍ട്ടിയെപ്പറ്റി യാതൊന്നും പറയാതെ ബിജെപിയെന്ന വാക്ക് അനവധി തവണ ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പുതിയ ദേശീയ അധ്യക്ഷന്റെ കന്നിപ്രസംഗം.

നീണ്ട പത്തൊന്‍പതു വര്‍ഷം അധ്യക്ഷ പദവിയിലിരുന്ന സോണിയാഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗവും ചടങ്ങിലുണ്ടായി. ഇന്ദിരാഗാന്ധി സ്വന്തം മകളെപ്പോലെയാണ് തന്നെ കരുതിയതെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍ രാഹുല്‍ഗാന്ധിയെ കരുത്തനാക്കുമെന്നും സോണിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

മോദി ഭരണം ഇന്ത്യയെ മധ്യകാല യുഗത്തിലെത്തിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ബിജെപി വെറുപ്പ് പടര്‍ത്തുമ്പോള്‍ സ്‌നേഹം പരത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ദശാബ്ദങ്ങള്‍ പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പഴമയുടെ കെട്ടുറപ്പിനൊപ്പം യുവത്വം കൂടി കൂട്ടിച്ചേര്‍ക്കാനാണ് പരിശ്രമിക്കേണ്ടത്. ബിജെപിയുടെ വെല്ലുവിളികളെ നേരിടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിച്ച രേഖ കൈമാറിയായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്. മന്‍മോഹന്‍സിങ് അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.