കുടുംബശ്രീയില്‍ ഇനി പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്‍കും

Sunday 17 December 2017 12:40 pm IST

കണ്ണൂര്‍: കുടുംബശ്രീയില്‍ ഇനി പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്‍കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. ഒരു കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടിയാണ് അംഗത്വം നല്‍കുക. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴിലെ ‘സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ കടന്നു വരുന്നത് കുടുംബശ്രീയുടെ വളര്‍ച്ചക്ക് ഏറെ സഹായകരമാകുമെന്ന് കെടി ജലീല്‍ പറഞ്ഞു. നിലവില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീയ്ക്ക് മാത്രമേ കുടുംബശ്രീയില്‍ അംഗത്വമുള്ളൂ. സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സംവിധാനം വരുന്നതോടെ പെണ്‍കുട്ടികള്‍ക്ക് കൂടി അംഗത്വം നല്‍കും. ഇപ്പോള്‍ 45 ലക്ഷത്തിലധികം അംഗങ്ങളുള്ളത് 90 ലക്ഷത്തില്‍ അധികമാവും ഇനി.

അച്ചാറും അച്ചപ്പവും ഉണ്ടാക്കല്‍ മാത്രമല്ല കുടുംബശ്രീയില്‍ ചെയ്യേണ്ട ജോലിയെന്നും മന്ത്രി പറഞ്ഞു. ലാബ് ടെക്നീഷ്യനും ഫാര്‍മസിസ്റ്റും ഡോക്ടറുമെല്ലാം ഒരുമിച്ചുണ്ടെങ്കില്‍ ഒരു കുടുംബശ്രീ ക്ലിനിക് തന്നെ തുടങ്ങാം. ഇത്തരത്തില്‍ നൂതന വഴികള്‍ തേടണം. എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.