വീട്ടമ്മയുടെ കൊലപാതകം: ക്വട്ടേഷന്‍ സംഘമെന്ന് സംശയം

Sunday 17 December 2017 1:09 pm IST

തൃക്കരിപൂര്‍: റിട്ട പ്രധാനാധ്യാപിക ജാനകിയുടെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നു. അന്വേഷണം പല ഗ്രൂപ്പുകളായി തിരിഞ്ഞു നടക്കുന്നുണ്ടെങ്കിലും പോലീസിനു കൃത്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് കിട്ടുന്ന വിവരം. എന്നാല്‍ പോലീസ് ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ ശുഭാപ്തി വിശ്വാസത്തിലാണ് പോലീസ്. കവര്‍ച്ച മാത്രം ലക്ഷ്യമാക്കിയുള്ള കൊലപാതകമല്ലെന്ന സംശയം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അന്വേഷണം വഴി തെറ്റിക്കാനായി ചിലതൊക്കെ കവര്‍ച്ച ചെയ്തുവെന്നാണ് ചല കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.
പ്രായം ചെന്ന ദമ്പതികള്‍ ഒറ്റക്ക് താമസിക്കുന്ന ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടില്‍ സ്വര്‍ണ്ണമായോ, കറന്‍സിയായോ കൂടുതല്‍ സൂക്ഷിക്കാന്‍ സാദ്ധ്യതയില്ലെന്ന വിലയിരുത്തല്‍ പൊതുവേ ഉള്ളതാണ്. അതുകൊണ്ട് തന്നെ ലക്ഷ്യം കവര്‍ച്ചയല്ലെന്നും, പിന്നില്‍ ക്വട്ടേഷനാണെന്നും, വിദഗ്ദ കരങ്ങളാണ് കൃത്യത്തിനു പിന്നിലെന്നുമുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. എറണാകുളത്തെ ബന്ധുവിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിച്ചിരുന്നു. രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ മറ്റു ബന്ധുക്കളെയും പോലീസിന്റെ ചോദ്യംചെയ്യലില്‍ വിധേയരാക്കിയിരുന്നു. അന്വേഷണം വിലയിരുത്താനായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോദരന്‍ അടക്കമുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ ചീമേനി പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ വൈകീട്ട് ഒത്തുചേര്‍ന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നക്കുന്നുണ്ട്. ഏഴ് ഗ്രൂപ്പുകള്‍ തിരിഞ്ഞാണ് വിവിധ ഭാഗങ്ങളിലായുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരെയും കസ്റ്റഡിയില്‍ എടുത്തില്ലെന്നാണ് സൂചന .
കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ ശേഖരിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം. കൊലക്ക് ഉപയോഗിച്ച കത്തിയും, ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്റെ മൊബൈല്‍ ഫോണിനുമായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ ചെറിയ കുളവും കാടുമൊക്കെ വെട്ടിത്തെളിച്ചെങ്കിലും അനുകൂലമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ചീമേനിയിലെയുംപരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും അത് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മംഗലാപുരം ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. ഇദ്ദേഹത്തില്‍ നിന്നും തെളിവെടുപ്പ് നടത്തിയ പോലീസിന് കിട്ടിയ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.