ബിജെപി വിരോധത്തില്‍ പിണറായി സര്‍ക്കാര്‍ ഓഖിയിലും രാഷ്ട്രീയം കളിച്ചു: എം.ടി.രമേശ്

Sunday 17 December 2017 2:32 pm IST


കൊല്ലം: നരേന്ദ്രമോദിയോടും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനോടുമുള്ള വിരോധത്തില്‍ പിണറായി സര്‍ക്കാര്‍ ഓഖിയിലും രാഷ്ട്രീയം കളിച്ചതാണ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഖി മരണങ്ങള്‍ പിണറായി സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയതാണ്. ഓഖിയെ സംബന്ധിച്ച് നവംബര്‍ 28 മുതല്‍ പല തവണ കേന്ദ്ര എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകളെ കേന്ദ്ര പദ്ധതികളോട് കാണിക്കുന്ന അതേ അവഗണനയില്‍ തന്നെ പുച്ഛിച്ച് തള്ളുകയായിരുന്നു. ഈ നിലപാടാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ ഇടയാക്കിയത്. ഇത്തരത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തില്‍ സര്‍ക്കാര്‍ കാട്ടിയ കൃത്യവിലോപം കടുത്ത സത്യപ്രതിജ്ഞാലംഘനമാണ്. ഇതിന് നിരത്തുന്ന ഒരു ന്യായീകരണവും കേരള ജനതയ്ക്ക് പൊറുക്കാന്‍ സാധിക്കില്ല. ഓഖി വിഷയത്തില്‍ മുഖ്യമന്ത്രിക്കും ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്തത്തില്‍ അകപ്പെട്ടവരെ സമാശ്വസിപ്പിക്കുന്നതിന് പകരം ഫിഷറീസ് മന്ത്രി രൂക്ഷമായ ഭാഷയില്‍ അവരെ വിമര്‍ശിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ മനോഭാവം കാരണമാണ് ഒന്നാം നമ്പര്‍ കാറില്‍ വിഴിഞ്ഞത്ത് പോയ മുഖ്യമന്ത്രിക്ക് കള്ളവണ്ടി കേറി കടപ്പുറം വിടേണ്ടി വന്നതെന്നും രമേശ് പറഞ്ഞു. അച്ഛന്റെ കൈ പിടിച്ച് കടലു കാണാന്‍ പോയ കൊച്ചു കുട്ടികളെ പോലെയാണ് മന്ത്രിമാരായ കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും പൂന്തുറയില്‍ പോയത്. നിര്‍മലാ സീതാരാമന്റെ ജാമ്യം ഉള്ളത് കൊണ്ട് മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ കൈകാര്യം ചെയ്യാതിരുന്നതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു .
ധര്‍ണയ്ക്ക് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സമിതിയംഗം നളിനി ശങ്കരമംഗലം, മഹിളാ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ ലതാ മോഹന്‍, നേതാക്കളായ ദേവകിയമ്മ, എം.എസ്. മിനി, ശശികല റാവു, പ്രസന്ന അനില്‍, ബിനു സുദേവന്‍, മിനികുമാരി, ബി. ഷൈലജ, ഷീജ, സുനിതാ മുരളീധരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍, ജില്ലാ ഭാരവാഹികളായ നെടുമ്പന ഓമനക്കുട്ടന്‍, ആയൂര്‍ മുരളി, എന്‍. ചന്ദ്രമോഹനന്‍, എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.