പാക്ക് സുന്ദരിമാരുടെ ഹണിട്രാപ് ഇന്ത്യൻ ഉദ്യോഗസ്ഥർ തകർത്തു

Sunday 17 December 2017 2:53 pm IST

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക് ചാര സുന്ദരികളെ രംഗത്തിറക്കി ഐഎസ്‌ഐ. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരെയാണ് ഹണിട്രാപ്പില്‍ പെടുത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ശ്രമം നടത്തിയത്.

എന്നാല്‍ ഇന്ത്യയുടെ സമയോചിതമായ ഇടപെടല്‍ അവരുടെ ശ്രമത്തെ പരാജയപ്പെടുത്തുകയായിരുന്നു. ലക്ഷ്യമിട്ട ഉദ്യോഗസ്ഥരെ ദല്‍ഹിയിലേയ്ക്ക് വിളിച്ചു വരുത്തിയതായാണ് സൂചന. ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹണി ട്രാപ്പ് ഓപ്പറേഷന്‍ തകര്‍ത്തത്. ഇവര്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ സമീപിച്ച ഉടനെ ചതി തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ തയ്യാറാക്കി ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നത്. പാക്കിസ്ഥാനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നേരത്തേയും കെണിയില്‍ പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്.

ഐഎസ്‌ഐയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വികസന പരിപാടികളെ കുറിച്ചുളള വിവരം കൈമാറിയ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. യുവാവായ ഒരു ചാരനെ ഉപയോഗിച്ച്‌ പ്രണയം നടിച്ചായിരുന്നു ഐഎസ്‌ഐ അന്ന് പദ്ധതി തയ്യാറാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.