നഗരത്തില്‍ വീണ്ടും എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട

Sunday 17 December 2017 9:14 pm IST

തൃശൂര്‍: നഗരത്തില്‍ വീണ്ടും എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. വന്‍ വിലയുള്ളതും മാരക ലഹരിയുള്ളതുമായ എല്‍എസ്ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ ക്രിസ്റ്റലുകള്‍, നൈട്രോസ്പാം ടാബ്ലറ്റുകള്‍ എന്നിവ സഹിതം യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പൂത്തോള്‍ സ്വദേശി താണിക്കല്‍ വീട്ടില്‍ ടി.വി. ആകാശ്(24) ആണ് അറസ്റ്റിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍ സീസണ്‍ മുന്നില്‍കണ്ട് കൗമാരക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ശേഖരിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു.
17 എസ്എസ്ഡി സ്റ്റാമ്പുകളും 980 മില്ലിഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും 30 നൈട്രോസെപാം ടാബ് ലറ്റുകളും പിടികൂടിയ ശേഖരത്തില്‍പ്പെടുന്നു. ഇതിനുപുറമേ കഞ്ചാവും ആകാശിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഫ്ളാറ്റുകളും ക്ലബ്ബുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് നടത്തുന്ന ക്രിസ്മസ് -ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതനുസരിച്ചാണ് മയക്കുമരുന്ന് എത്തിച്ചത്. എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഇത്രയധികം പിടിച്ചെടുക്കുന്നത് സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ കേസാണ്.
സ്റ്റിമുലന്റ് ഇനത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുകള്‍ വിഭ്രാന്തി ജനിപ്പിക്കുന്നവയാണ്. നൈട്രോസ്പാം ഗുളികകള്‍ വിഷാദം പ്രദാനം ചെയ്യുന്നതാണ്. ഓര്‍ഡര്‍ കിട്ടുന്നതനുസരിച്ച് കൂടുതല്‍ മയക്കുമരുന്ന് ബാംഗ്ലൂരില്‍ നിന്ന് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളായ ബെന്നി, ഡെറി, അനസ്, ഷാരൂണ്‍ എന്നിവരുടെ പങ്കിനെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.

മാര്‍ക്കറ്റില്‍ മോളി എന്നറിയപ്പെടും
തീരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മൂന്നു മുതല്‍ ആറു മണിക്കൂര്‍ വരെ ലഹരി നില്‍ക്കുന്ന എംഡിഎംഎ മാര്‍ക്കറ്റില്‍ മോളി എന്നും എക്സറ്റെസി എന്നും അറിയപ്പെടുന്നു. ഇവ ക്യാപ്സൂള്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും പൗഡര്‍ രൂപത്തിലും ലഭിക്കും. ഇതില്‍ ക്രിസ്റ്റല്‍ ഇനമാണ് ആകാശില്‍ നിന്നു കണ്ടെടുത്തിരിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപകമായ ഇത്തരം മയമക്കുമരുന്നുകള്‍ നമ്മുടെ മെട്രോ നഗരങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാനസിക വിഭ്രാന്തി, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാഴ്ചക്കുറവ്, വിഷാദരോഗം, ആകാംക്ഷ, ഓര്‍മക്കുറവ് തുടങ്ങിയവ ഇത്തരം മയക്കുമരുന്നുകളുടെ അനന്തരഫലങ്ങളാണ്.
അതിമാരക മയക്കുമരുന്നുകളുടെ ഇനത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുകള്‍ ടീച്ചേഴ്സ് സ്റ്റാമ്പ്, ഹോപ്പ് മാന്‍, ട്രിപ്പ് തുടങ്ങിയ കോഡ് ഭാഷയിലാണ് ന്യൂജന്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്. പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പോലെ തോന്നിക്കുന്ന ഇവയുടെ പുറത്ത് വര്‍ണപ്പകിട്ടുള്ള ലൂന്‍സ് ടോണ്‍സ് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അടയാളമായി ഉപയോഗിക്കും. ഒറ്റ ഡോസില്‍ 12 മണിക്കൂറിലധികം ലഹരി ലഭിക്കുന്നതാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. ഇതിന്റെ ലഹരി ചിലപ്പോള്‍ രണ്ടു ദിവസത്തിലധികം നീണ്ടുനില്‍ക്കാറുണ്ട്. കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ മരണം സംഭവിക്കുന്നതാണ്. ഉപയോക്താവിന്റെ ആരോഗ്യം, കാലാവസ്ഥ, സാഹചര്യം എന്നിവ അനുസരിച്ച് ലഹരിയില്‍ വ്യതിയാനം സംഭവിക്കുന്നത് എല്‍എസ്ഡി സ്റ്റാമ്പിനെ അപകടകരമാക്കുന്നു. എല്‍എസ്ഡി അടിമപ്പെട്ട ആളിന് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പ്രയാസമാണ്.
മാനസിക വിഭ്രാന്തിക്കും വിഷാദരോഗത്തിനും സന്നിരോഗത്തിനും ഉപയോഗിക്കുന്നതാണ് നൈട്രോസെപാം ഗുളികകള്‍. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ഇവയ്ക്ക് മയക്കുമരുന്ന് മാര്‍ക്കറ്റില്‍ വന്‍ വിലയാണ് ഈടാക്കുന്നത്. 100 രൂപയില്‍ താഴെ മാത്രം വില വരുന്ന 10 ഗ്രാം ക്യാപ്സ്യൂള്‍ ട്രിപ്പില്‍ നിന്ന് ആറായിരം രൂപ വരെ ലാഭമുണ്ടാക്കിയാണ് വില്‍പന. അഞ്ചു ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി 600 രൂപയ്ക്കാണ് പ്രതി വിറ്റിരുന്നത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.വി. റാഫേലിന്റെ നിര്‍ദേശാനുസരണമുള്ള നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ഡിയോ സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
എല്‍എസ്ഡി സ്റ്റാമ്പുകളുമായി മറ്റൊരു യുവാവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.