വിവാദങ്ങള്‍ക്കിടയിലും നഗരം ചിറപ്പു ലഹരിയില്‍

Monday 18 December 2017 2:00 am IST

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രിയും ആലപ്പുഴ നഗരസഭയുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലും മുല്ലയ്ക്കല്‍ ചിറപ്പ് ആഘോഷിക്കാന്‍ നഗരത്തിലേക്ക് വന്‍ ജനസഞ്ചയമെത്തുന്നു. ഇന്നലെ അവധി ദിവസമായതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ചിറപ്പുമായി ബന്ധപ്പെട്ട് നഗരസഭ ലേലം ചെയ്തു നല്‍കിയ കടകള്‍ മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയതോടെയാണ് ചിറപ്പ് വിവാദത്തില്‍ മുങ്ങിയത്. കാലങ്ങളായി നഗരസഭ നടത്തുന്ന ലേല നടപടികളില്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടെ നഗരസഭയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി രംഗത്തെത്തി.
സര്‍ക്കാര്‍ സ്ഥലത്ത് കടകള്‍ ലേലം നല്‍കി നഗരസഭയിലെ ഒരു കൗണ്‍സിലര്‍ രണ്ടു പതിറ്റാണ്ടുകളായി ലക്ഷങ്ങള്‍ കൈക്കലാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും വാടക ഗുണ്ടകളുടെ രണ്ടു സംഘങ്ങള്‍ ആലപ്പുഴയിലെത്തിയിരുന്നു.
സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് കുഴപ്പങ്ങള്‍ ഒഴിവായത്. ഇപ്പോള്‍ നടന്നത് ഒന്നാംഘട്ട ശുദ്ധീകരണം മാത്രമാണ്. കോടതി എന്തു പറഞ്ഞാലും അനുസരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ പൊതുമരാമത്ത് കടകള്‍ പൊളിച്ചു നീക്കിയത് കോടതി ഉത്തരവിനു വിരുദ്ധമാണെന്നും ഇതിനെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.