നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Sunday 17 December 2017 9:15 pm IST

തൃശൂര്‍: നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട. രണ്ടു കിലോ കഞ്ചാവുമായി മയക്കു മരുന്നു കേസിലെ കണ്ണിയായ ഇടുക്കി എന്‍.ആര്‍.സിറ്റിയില്‍ ഷിന്റോ (26) യെയാണ് അറസ്റ്റു ചെയ്തത്. മുന്തിയ ഇനം നീലചടയന്‍ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന ആളാണ് പിടിയിലായ ഷിന്റോ. ഇതിനു മുമ്പും ഇയാളെ തൃശൂരില്‍ പിടികൂടിയിരുന്നു. അന്ന് ഇയാളോടൊപ്പം അച്ഛനും പിടിയില്‍ ആയിരുന്നു. അച്ഛനും അമ്മയും മകനും കഞ്ചാവ് കച്ചവടം നടത്തുന്ന സംഘമാണ്. 10കിലോ കഞ്ചാവ് കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു കഞ്ചാവിന് പകരം പച്ചക്കറികള്‍ പാക്ക് ചെയ്തു കച്ചവടം നടത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഒറീസയില്‍ വളര്‍ത്തുന്ന തരത്തിലുള്ള കഞ്ചാവ് തമിഴ്നാട് കാടുകളില്‍ ഉണ്ടെന്നും അവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവരാറുള്ളതെന്നും ഇയാള്‍ പറഞ്ഞു. സാധാരണക്കാര്‍ക്കു കൊടുക്കുന്നതില്‍ കൂടുതല്‍ തുക മയക്കു മരുന്ന് സംഘങ്ങള്‍ക്ക് കൊടുത്താല്‍ ലഭിക്കുമെന്നും ഷിന്റോ പറഞ്ഞു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ കൃഷ്ണപ്രസാദ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ടി.വി റാഫേലിന്റെ നേതൃത്വത്തില്‍ ഉള്ള ഷാഡോ എക്സൈസിലെ അംഗങ്ങളായ ബാഷ്പജന്‍, സുധീര്‍ കുമാര്‍ തൃശൂര്‍ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ജോസഫ്, ദക്ഷിണാമൂര്‍ത്തി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ്ബാബു, ഫജോയ്, സതീഷ്, ബിജു, സണ്ണി, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം എല്‍.എസ്.ഡി മയക്കു മരുന്നു പിടികൂടിയതിന്റെ പിന്നാലെ ഏക്സൈസ് സംഘത്തിന് ഭീഷണി ഉയര്‍ന്നിരുന്നു. ഇത് വകവെയ്ക്കാതെയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.