മണ്ണുത്തി: കൃഷ്ണാപുരം ശ്രീനാരായണ ധര്‍മ്മ സമാജം മഹാദേവക്ഷേത്രം ഓഫീസില്‍ കവര്‍ച്ച നടത്തിയ 2 പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. 8 പവനും 65,000 രൂപയും മോഷണം പോയിരുന്നു. കൊല്ലം സ്വദേശി കളായ നിജാദ്, ഷാജിമോന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തുനിന്നാണ് പിടികൂടിയത്. 30 ഓളം മോഷണക്കേസുകളില്‍ പ്രതികളാണ് ഇവര്‍. ബാംബു കര്ട്ടന് വീടുകളില്‍ ഇടാനെന്ന വ്യാജേന എത്തുകയും മോഷണം നടത്തുന്ന വീടുകളും ക്ഷേത്രങ്ങളും കണ്ടുവെച്ചതിനു ശേഷം രാത്രികാലങ്ങളിലെത്തി കവര്‍ച്ച നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
തൃശൂരില്‍ ഒല്ലൂരിലും മാളയിലും പ്രതികള്‍ കവര്‍ച്ച നടത്തിയതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കലില്‍ വീടുമോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തൃശൂര്‍ ജില്ലയിലെ മോഷണങ്ങള്‍ തെളിഞ്ഞത്. അറസ്റ്റിലായ പ്രതികള്‍ ബന്ധുക്കളാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ നിജാദിനെ മോഷണം നടന്ന കൃഷ്ണാപുരം മഹാദേവക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: