കാലവര്‍ഷം ദുര്‍ബലമായി തേങ്ങയ്ക്കും വെളിച്ചെണ്ണക്കും വില കുതിച്ചുയരുന്നു

Sunday 17 December 2017 9:20 pm IST

കൊഴിഞ്ഞാമ്പാറ: ജില്ലയില്‍ കാലവര്‍ഷം ദുര്‍ബലമായതിനാല്‍ തേങ്ങക്കും വെളിച്ചെണ്ണക്കും വില കുതിച്ചുയരുന്നു. കിഴക്കന്‍ മേഖലയിലെ തെങ്ങുകളും തോപ്പുകളും വ്യാപകമായി നശിച്ച നിലയിലാണ്.
ഒന്നരവര്‍ഷമായി കൃഷിഭവന്‍ മുഖേനയുള്ള തേങ്ങ സംഭരണവും നിര്‍ത്തിയിരിക്കുകയാണ്. പൊതുവിപണയിലിപ്പോള്‍ നാളികേരത്തിന് കിലോക്ക് 45 രൂപ മുതല്‍ 58 വരെയായി. കൃഷിഭവന്‍ മുഖേന കിലോക്ക് 25 രൂപ നിരക്കിലാണ് നേരത്തെ നാളികേരം സംഭരിച്ചിരുന്നതെന്നാല്‍ ഇപ്പോള്‍ സംഭരണമില്ലാത്തതും കര്‍ഷകരില്‍ തിരിച്ചടിയായി.
ജില്ലയിലെ കൃഷിഭവന്‍ മുഖേന സംഭരിക്കുന്ന നാളേകരം കൊപ്രയാക്കി കേരഫെഡിന് നല്‍കുകയും കേര ബ്രാന്‍ഡ് വെളിച്ചെണ്ണയായി വിപണിയിലെത്തിക്കുകയാണ് പതിവ്. എന്നാലിപ്പോള്‍ സംഭരണമില്ലാത്തതിനാല്‍ കേര വെളിച്ചണ്ണയുടെ നിര്‍മ്മാണവും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ സംഭരണം വിലക്ക് നാളികേരം ലഭിക്കുന്നതിനാല്‍ കുറഞ്ഞ വിലക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ വേണ്ടത്ര ഉല്‍പാദിപ്പിക്കാനും കഴിയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വിപണിയില്‍ കിലോക്ക് 13 രൂപ വിലയുണ്ടായപ്പോള്‍ 25 രൂപക്ക് സംഭരിച്ച് കേരഫെഡിന് നല്‍കിയിരുന്നു. ഇപ്പോള്‍ വിപണിയില്‍ അതിലും കൂടുതല്‍ വിലയായതാണ് സംഭരണം നിര്‍ത്തിവെക്കാന്‍ കാരണമായത്. നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വെളിച്ചെണ്ണ വിലക്കും കുതിച്ചുയരുകയാണ്. വിപണിയില്‍ വെളിച്ചെണ്ണക്ക് 230 രൂപയോളം എത്തി.
നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും വിലകുറഞ്ഞതും ബ്രാന്റല്ലാത്ത വെളിച്ചെണ്ണകളും എത്തിയിരുന്നുവെങ്കിലും അടുത്തിടെ പരിശോധനകള്‍ ശക്തമായതോടെ വ്യാജ വെളിച്ചെണ്ണയുടെ വരവ് കുറഞ്ഞിരിക്കുകയാണ്. സര്‍ക്കാറിന്റെ സപ്ലൈക്കോ മാവേലി ഔട്ട്‌ലെറ്റുകളില്‍ ശബരി വെളിച്ചെണ്ണ 90 രൂപയാണെന്നിരിക്കെ മിക്കപ്പോഴും ഉപഭോക്താവിന് ഇതും കിട്ടാക്കനിയാണ്.
ശബരി വെളിച്ചെണ്ണ വ്യാപകമായി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തി കുത്തക കമ്പനികളുടെ വെളിച്ചെണ്ണ ഉപഭോക്താക്കളെ അന്വേഷിപ്പിക്കുന്ന നടപടിയാണ് മിക്കയിടത്തും സ്വീകരിച്ചുവരുന്നത്. തേങ്ങ വിലയുയരുന്നതോടെ ചെറിയ തേങ്ങക്ക് പോലും 18 മുതല്‍ 20 രൂപ വരെ കൊടുത്ത് വാങ്ങേണ്ട ഗതികേടാണ്. വെളിച്ചെണ്ണ വില മുതലാക്കി നിയന്ത്രണം മറികടന്ന് തമിഴ്‌നാട്ടില്‍ നിന്നും പാരഫിന്‍ കലര്‍ന്നതും നിലവാരം കുറഞ്ഞതുമായ വ്യാജ വെളിച്ചെണ്ണ രഹസ്യമായി കടകളില്‍ എത്തുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ വിപണിവില കണക്കിലെടുത്ത് ഇതുവാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.