ചേകാടി വയല്‍ഗ്രാമത്തില്‍ ആശ്വാസത്തിന്റെ വിളവെടുപ്പ്

Sunday 17 December 2017 9:45 pm IST

ബത്തേരി:ചേകാടി വയല്‍ഗ്രാമത്തില്‍ ആശ്വാസത്തിന്റെ വിളവെടുപ്പ്. വയനാടിന്റെ പുരാതന നെല്ലറകളില്‍ ഒന്നായ പുല്‍പളളി ചേകാടിയില്‍ കഴിഞ്ഞ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ ഉണ്ടായ മഴക്കുറവും ജലക്ഷാമവും സൃഷ്ടിച്ച ആശങ്കകള്‍ അകന്ന് ആശ്വാസത്തോടെ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞതിലുളള സന്തോഷത്തിലാണ് കര്‍ഷകര്‍. നാട്ടിപണികള്‍ക്ക് വെളളം കിട്ടാതെ വന്നപ്പോള്‍ കബനിയില്‍ നിന്ന് ലിഫ്റ്റ് ഇറിഗേഷന്‍ വഴി പാടത്ത് വെളളം എത്തിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കര്‍ക്കിടക പതിനെട്ടിന് ചേകാടിയിലെ കര്‍ഷകര്‍ ബന്ധപ്പെട്ട വകുപ്പിന്റെ ബത്തേരി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.
ഈ പദ്ധതി പണി തുടങ്ങിയിട്ട് വര്‍ഷങ്ങളായി.മുമ്പ് കാലവര്‍ഷം തുടങ്ങുന്നതോടെ കരകവിഞ്ഞിരുന്ന കബനിയുടെ ചേകാടി തീരത്തെ കര്‍ഷകര്‍ നടത്തിയ ഈ സമരം രൂക്ഷമാകുന്നപാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രതിഫലനമായിട്ടാണ് വിലയിരുത്തിയത്. തുടര്‍ന്ന് ലഭിച്ച ഭേദപ്പെട്ട മഴ കര്‍ഷകര്‍ക്ക് തുണയാവുകയായിരുന്നു.
ഇപ്പോഴും വിളവെടുപ്പിന് തുടക്കം കുറിച്ച് ഒരു കൊയ്ത്ത് മഹോല്‍സവം നടത്താന്‍ ആഗ്രഹിച്ചെങ്കിലും ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മൂടലും മഴക്കാറുമെല്ലാം ആ തീരുമാനം മാറ്റാന്‍ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു.ചുരുക്കം ചില വയലുകള്‍ ഒഴികെ ബാക്കിയെല്ലാവരും ഇതിനോടകം കൊയ്ത്ത് പണികള്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.