ആസിയാന്‍ രാജ്യങ്ങളെ കോര്‍ത്തിണക്കി വിനോദ സഞ്ചാര കപ്പല്‍ സര്‍വീസ് വരുന്നു

Monday 18 December 2017 2:30 am IST

മട്ടാഞ്ചേരി: ആസിയാന്‍ രാജ്യങ്ങളെ കോര്‍ത്തിണക്കി വിനോദസഞ്ചാര കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. കൊച്ചിയിലെയും മുംബൈയിലെയും തുറമുഖങ്ങളിലുള്ള ക്രൂയിസ് ടെര്‍മിനലുമായി ബന്ധിപ്പിച്ചാണ് വിനോദ സഞ്ചാര കപ്പല്‍ സര്‍വ്വീസുകള്‍ തുടങ്ങുക. 1000 കോടിരൂപ ചെലവില്‍ മുംബൈയിലും കൊച്ചിയിലും പുതിയ ടെര്‍മിനലുകള്‍ തയ്യാറാക്കി വരുന്നു. ആഗോളതലത്തിലുള്ള ക്രൂയിസ് കപ്പല്‍ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി.

ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായാണ് കപ്പല്‍ സര്‍വ്വീസുകളെ കോര്‍ത്തിണക്കുക. ബ്രഹ്മപുത്രയില്‍ പ്രത്യേക കനാല്‍ സംവിധാനമൊരുക്കി ബംഗ്ലാദേശ് വഴി മ്യാന്‍മര്‍ കപ്പല്‍ യാത്ര ഇടനാഴിക്കുള്ള ആലോചനയുമുണ്ട്.
രാജ്യത്തെ ക്രൂയിസ് ടൂറിസം മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. ആദ്യഘട്ടമായി സിംഗപ്പൂര്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് നേതൃത്വം നല്കുന്നത്.

2016- 17 വര്‍ഷം 1.76 ലക്ഷം വിനോദ സഞ്ചാരികളാണ് കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തയത്. നിലവില്‍ പ്രതിവര്‍ഷം 80 ക്രൂയിസ് കപ്പലുകള്‍ വരുന്ന ഇന്ത്യയില്‍ 2025ല്‍ 900 കപ്പലുകളാണ് ലക്ഷ്യമിടുന്നത്. ഇതുവഴി നേരിട്ട് രണ്ടരലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടും. ഒപ്പം വിനോദസഞ്ചാരത്തിലൂടെ വിദേശനാണ്യവരുമാനവും ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.